പാകിസ്ഥാന് കൂടുതൽ സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫിനോട് ആവശ്യമുന്നയിക്കാൻ ഇന്ത്യ: റിപ്പോർട്ട്

ന്യൂഡൽഹി: പാകിസ്ഥാന് കൂടുതൽ സാമ്പത്തിക സഹായം നൽകരുതെന്ന് ഐഎംഎഫിനോട് ഇന്ത്യ അഭ്യർഥിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാഷിംങ്ടണിൽ ഐഎംഎഫ് യോഗം നടക്കാനിരിക്കെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഐഎംഎഫിലെ ഇന്ത്യയുടെ പ്രതിനിധി രാജ്യത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
പാകിസ്ഥാന് മുമ്പ് ഐഎംഎഫിൽ നിന്ന് ഏകദേശം 24 ബെയ്ൽഔട്ട് പാക്കേജുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അവയിൽ പലതും ശരിയായ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്നും മിസ്രി ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന. ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്.
ഐഎംഎഫ് പാകിസ്ഥാന് മുൻപ് അനുവദിച്ചിട്ടുള്ള ഫണ്ടുകൾ ഭീകരവാദത്തിനും മറ്റ് മോശം കാര്യങ്ങൾക്കുമായാണ് ഉപയോഗിച്ചിട്ടുള്ളത്. പാകിസ്ഥാന് പണം നൽകുന്നത് കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല എന്നും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കാനെ സഹായിക്കുവെന്നുമാണ് ഇന്ത്യയുടെ നിരീക്ഷണം.
പാക്കിസ്ഥാന് 10,000 കോടിയുടെ വായ്പ ലഭിക്കുന്നത് തടയാനുള്ള ശ്രമവും തുടരുകയാണ്. ഇതിന് പുറമെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ കൊണ്ടുവരാനും ഇന്ത്യ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. കള്ളപ്പണം, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്.









0 comments