യുഎൻ രക്ഷാസമിതിയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മിൽ വേർതിരിച്ച് കാണാത്ത പാകിസ്ഥാന് സിവിലിയൻ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ ധാർമിക അവകാശമില്ലെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് പറഞ്ഞു. ‘അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ നാല് ദശാബ്‌ദത്തിനിടയിൽ ഭീകരാക്രമണങ്ങളിൽ 20000 മനുഷ്യ ജീവനുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. ഏറ്റവും ഒടുവിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്‌ടമായി. പാക് സേന ഈ മാസം ആദ്യം ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ മനപ്പൂർവം ഷെല്ലാക്രമണം നടത്തി.
ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, കോൺവെന്റുകൾ എന്നിവയുൾപ്പെടെയുള്ള ആരാധനാലയങ്ങളും ആരോഗ്യ സൗകര്യങ്ങളും ലക്ഷ്യമിട്ടു. അത്തരമൊരു ആക്രമണത്തിനുശേഷം സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണ്. ഓപറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങുകളിൽ പാകിസ്ഥാന്റെ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുത്തത് പാകിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നു എന്നതിന് തെളിവാണ്.
നല്ല ഉദ്ദേശ്യത്തോടെ സിന്ധുനദീജല ഉടമ്പടിയില്‍ ഏര്‍പ്പെട്ട ഇന്ത്യയുടെ വിശ്വാസം പാക്കിസ്ഥാന്‍ തകര്‍ത്തു. സിന്ധുനദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഭീകര പ്രവർത്തനങ്ങളെ തുറന്നുകാട്ടുന്നതിനുള്ള ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുകയാണ്.









0 comments