സോവിയറ്റ് യൂണിയൻ കാലത്തെ ബന്ധം
"സ്വപ്നം കാണാമായിരിക്കും" പക്ഷെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താനാവില്ലെന്ന് ഹംഗറി

ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുകയോ ഊർജ ആവശ്യങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുകയോ ചെയ്യില്ലെന്ന് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പ്ലീനറി സെഷനിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു പീറ്റർ സിജാർട്ടോ. ദി ഗാർഡിയൻ റിപ്പോർട്ടറുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് വാക്കുകൾ.
"ഞങ്ങൾക്ക് ഊർജ്ജ വിതരണം പൂർണ്ണമായും ഭൗതികമായ ഒരു കാര്യമാണ്. റഷ്യയ്ക്ക് പുറമെ എവിടെ നിന്നെങ്കിലും എണ്ണയും വാതകവും വാങ്ങുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നത് നല്ലതായിരിക്കും. പക്ഷേ നമുക്ക് അടിസ്ഥാന സൗകര്യങ്ങളുള്ളിടത്ത് നിന്ന് മാത്രമേ വാങ്ങാൻ കഴിയൂ. ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ നോക്കുകയാണെങ്കിൽ, റഷ്യൻ വിതരണങ്ങൾ ഇല്ലാതെ രാജ്യത്ത് സുരക്ഷിതമായ ഊർജ്ജ വിതരണം ഉറപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്." എന്ന് അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയൻ കാലത്ത് സ്ഥാപിച്ച പൈപ്പ് ലൈൻ വഴിയാണ് ഇവിടേക്ക് എണ്ണ കൈമാറ്റം നടത്തുന്നത്.
ഹംഗറി അതിന്റെ സംസ്ഥാന ഊർജ്ജ കമ്പനിയായ MOL വഴി പ്രതിവർഷം ഏകദേശം 5 ദശലക്ഷം ടൺ അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. യൂറോപ്യൻ യൂണിയനിൽ റഷ്യൻ ക്രൂഡ് ഓയിൽ നേരിട്ട് വാങ്ങുന്ന രണ്ട് രാജ്യങ്ങളിൽ ഒന്നാണിത്. എൽഎൻജി ഉൾപ്പെടെയുള്ള എല്ലാ ഹൈഡ്രോകാർബൺ ഇറക്കുമതികളും ഒഴിവാക്കിക്കൊണ്ട് റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കാൻ പ്രസിഡന്റ് ട്രംപ് ഈ മാസം ആദ്യം യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.
യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ റഷ്യൻ എണ്ണ ഇറക്കുമതിക്കാരാണ് ഹംഗറിയും സ്ലൊവാക്യയും. സോവിയറ്റ് കാലഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെ മധ്യ യൂറോപ്യൻ പങ്കാളികൾക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനായി നിർമ്മിച്ച ഡ്രുഷ്ബ പൈപ്പ്ലൈൻ വഴിയാണ് ഇന്ധനം ലഭിക്കുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ ഊർജ്ജ വിതരണ സുരക്ഷ സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുന്നു. അത് അപകടത്തിലാക്കുന്ന ഉപരോധ പാക്കേജുകൾക്കെതിരെ വോട്ട് ചെയ്യുന്നു.
യൂറോപ്പിൽ ട്രംപ് ഭരണകൂടത്തിന്റെ സഖ്യകക്ഷിയായ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ റഷ്യയുമായി സൗഹാർദ്ദപരമായ ബന്ധം നിലനിർത്തിക്കൊണ്ട് എണ്ണ വാങ്ങുന്ന കാര്യത്തിൽ യു എസ് വിലക്കുകളെ അവഗണിക്കയായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ യൂറോപ്യൻ നേതാക്കൾ ഹംഗറിയോടും സ്ലൊവാക്യയോടും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു.
ചൈനയുമായും ഹംഗറി സഹകരണം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനും, വിദ്യാർത്ഥികളുടെയും ഫാക്കൽറ്റികളുടെയും കൈമാറ്റം വർധിപ്പിക്കാനും, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നവീകരണം എന്നിവയിൽ സഹകരണം വികസിപ്പിക്കാനും തീരുമാനം ഉണ്ടായി.
ചൈനീസ് ഹംഗേറിയൻ റെക്ടർ ഫോറത്തിൽ ഹംഗറിയുടെ സാംസ്കാരിക, നവീകരണ മന്ത്രി ബാലാസ് ഹാൻകോയാണ് സഹകരണം പ്രഖ്യാപിച്ചത്. ബുഡാപെസ്റ്റിലെ സെമ്മൽവീസ് സർവകലാശാലയിൽ സെപ്തംബർ 22 ന് ആയിരുന്നു ഫോറം.









0 comments