“റഷ്യ ഒരു ഡീൽ ആഗ്രഹിക്കുന്നു” ഓൺ ചെയ്ത മൈക്കിനു മുന്നിൽ ട്രംപ് പറഞ്ഞ സ്വകാര്യം വൈറലായി

വാഷിംഗ്ടൺ: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ചെവിയിൽ പറഞ്ഞ രഹസ്യം മൈക്ക് പിടിച്ചെടുത്ത് പരസ്യമാക്കി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ഉദ്ദേശിച്ച്, “അദ്ദേഹം ഒരു ഡീൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു”വെന്ന് ട്രംപ് ശബ്ദം താഴ്ത്തി പറഞ്ഞത് ഓൺ ആയിരുന്ന മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.
ചർച്ചയുടെ ഫലം കാത്തിരുന്ന ലോകത്തിന് മുന്നിൽ മൈക്കിലൂടെ പുറത്തായ വാക്കുകൾ വൈറലായി. 'റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഒരു കരാറുണ്ടാക്കാൻ ആഗ്രഹിക്കുന്നതായി ഞാൻ കരുതുന്നു... കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും അതാണ് സത്യം.' എന്നിങ്ങനെയായിരുന്നു വാക്കുകൾ.
ചോർന്നതോ അതോ ചോർത്തിയതോ എന്നും തുടർ ചർച്ചകൾ ഉണ്ടായി എങ്കിലും വെടിനിർത്തൽ പ്രതീക്ഷ ഇതോടെ ഉയരത്തിലായി. പുടിനും സെലൻസ്‌കിയും സമാധാന ഉച്ചകോടിക്ക് തയ്യാറായതായാതായാണ് പ്രതീക്ഷ. യുക്രൈന് ദീർഘകാല സുരക്ഷ ഉറപ്പാക്കുന്ന വിഷയം ലോക നേതാക്കൾ ഏറ്റെടുത്തു.
നേരത്തെ അലാസ്കയിൽ ട്രംപും പുടിനും നടത്തിയ സ്വകാര്യ സംഭാഷണം നിരവധി ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയിരുന്നു. റിപ്പോർട്ടർമാർക്ക് കേൾക്കാൻ കഴിയാത്ത വാക്കുകൾ വിമാനം ഇറങ്ങി വരുമ്പോഴായിരുന്നു. രണ്ട് നേതാക്കളെ ക്യാമറകൾ പിടികൂടി. ചുണ്ടുകളുടെ ചലനം വെച്ച് ഇത് സെലൻസ്കിക്ക് എതിരായ പ്ലോട് ആണെന്ന് വരെ വിലയിരുത്തൽ ഉണ്ടായി.

യുദ്ധം തുടങ്ങി രണ്ടു വർഷമാവുമ്പോൾ പുതിൻ -സെലെൻസ്‌കി ഉച്ചകോടി ആദ്യമാണ്. ഡൊണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെയ്ര്‍സ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫിൻലാൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയ്ൻ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ എന്നിവരുൾപ്പെടെ ഏഴ് യൂറോപ്യൻ നേതാക്കളാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ ഏർപ്പെട്ടത്.
യുദ്ധത്തിൽ അടുത്ത കാലത്ത് റഷ്യ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലത്തിൽ തീവ്രത കുറഞ്ഞ നിലയിലാണ്. ട്രംപ് നേതൃത്വം വഹിച്ചാണ് പുടിൻ അലാസ്‌കയിൽ എത്തി ചർച്ചയ്ക്കു തയ്യാറായത്. ഇതിന് തുടർച്ചയായി സെലൻസ്‌കിയും ട്രംപിനെ കാണാനെത്തി.









0 comments