യുഎസ് വെടിനിർത്തൽ നിർദേശം ഹമാസ് തള്ളി

ജബാലിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ വീടുതകര്‍ന്ന പലസ്തീന്‍കാര്‍
ഗാസ സിറ്റി
ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും സംബന്ധിച്ച അമേരിക്കയുടെ പുതിയ നിർദേശം ഹമാസ് നിരസിച്ചതായി റിപ്പോർട്ട്. അമേരിക്കയുടെ പശ്‌ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ സമാധാനപദ്ധതിയിൽ ഇസ്രയേൽ ഒപ്പുവച്ചതായും ഹമാസിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വൈറ്റ്ഹൗസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
60 ദിവസത്തെ വെടിനിർത്തലിനും ഇസ്രയേൽ ജയിലുകളിലെ പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും പകരം ഹമാസ് രണ്ടു ഘട്ടങ്ങളിലായി 10 ബന്ദികളെ കൈമാറുമെന്നും മരിച്ച 18 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുമെന്നുമാണ് കരാർ. യുദ്ധം അവസാനിപ്പിക്കുക എന്നതുൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഉടമ്പടിപ്രകാരം നിറവേറ്റുന്നില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞതായി ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട്‌ചെയ്‌തു. നിലവിലെ രീതിയിൽ വെടിനിർത്തൽ ഉടമ്പടി അംഗീകരിക്കുന്നത് ഗാസയിലെ കൂട്ടക്കൊലയ്‌ക്ക് അനുമതി നൽകുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വിറ്റ്കോഫിന്റെ പദ്ധതി അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യാഴാഴ്ച ബന്ദികളുടെ കുടുംബങ്ങളോട് പറഞ്ഞിരുന്നു.
അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിൽ രണ്ടു മാസത്തെ വെടിനിർത്തൽ ഉടമ്പടി തകർത്താണ് മാർച്ച് 18ന് ഇസ്രയേൽ ഗാസയിൽ പൂർണ ഉപരോധം ഏർപ്പെടുത്തുകയും സൈനിക ആക്രമണം പുനരാരംഭിക്കുകയും ചെയ്തത്. വിപുലമായ ആക്രമണം ആരംഭിച്ചതോടെ ഗാസയുടെ എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു.
വെള്ളിയാഴ്ച, ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 54 പേർ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. മധ്യ ബുറൈജ് പ്രദേശത്തെ ഒരു വീട് ആക്രമിച്ച് 23 പേരെ കൊലപ്പെടുത്തി. മധ്യ ഗാസയിൽ വിവാദമായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണ കേന്ദ്രത്തിൽ സഹായം തേടിയെത്തിയ 20 പേരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു.









0 comments