ഗാസ സമാധാനത്തിലേക്ക്; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസും ഇസ്രയേലും

ജറുസലേം: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. യുദ്ധം ആരംഭിച്ച് 15–ാം മാസമാണ് വെടിനിർത്തൽ കരാർ നിലവിൽ വരുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. മൂന്നുഘട്ടമായാകും വെടിനിർത്തൽ നടപ്പാക്കുക.
ആദ്യഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്‌ക്കും. കുട്ടികൾക്കും സ്ത്രീകൾക്കുമായിരിക്കും മുൻഗണന. ഇതിനുപകരമായി ആയിരത്തിലേറെ പലസ്‌തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ, കരാർ പ്രാബല്യത്തിൽവന്നതിന്റെ 16–--ാം ദിനം ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ട ചർച്ച ഇസ്രയേൽ ആരംഭിക്കും. അതിൽ ബന്ദികളായ പുരുഷസൈനികരെയും ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകിട്ടാനുള്ള ശ്രമങ്ങളാവും നടത്തുക.
കഴിഞ്ഞദിവസം ഗാസ വെടിനിർത്തൽ കരടുരേഖ ഹമാസ് അംഗീകരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിലാണ് കരടുരേഖയായത്. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 46,584 പലസ്‌തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്ക്.
0 comments