മന്ത്രിസഭ പരിഗണിച്ചാൽ 24 മണിക്കൂറിനകം വെടിനിർത്തലെന്ന് ഇസ്രയേൽ
സമാധാന പ്രതീക്ഷ ; ഗാസയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണ

ഗാസയിൽ വെടിനിർത്തലിനുള്ള ആദ്യഘട്ടത്തിന് ഇസ്രയേലും ഹമാസും ധാരണയായെന്നറിഞ്ഞ് ഖാൻ യൂനിസിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന കുട്ടികൾ
ജറുസലേം/ഗാസ സിറ്റി
രണ്ടുവര്‍ഷം നീണ്ട വംശഹത്യക്ക് ഒടുവില്‍ ഗാസയിൽ വെടിനിർത്തലിനുള്ള ആദ്യഘട്ടത്തിന് ധാരണ. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഈജിപ്തിലെ കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍, ആദ്യഘട്ട വെടിനിർത്തൽ നിർദേശം ഇസ്രയേലും പലസ്‌തീന്‍ സായുധ പോരാട്ട സംഘടന ഹമാസും അംഗീകരിച്ചു. ഗാസയിൽ ബന്ദികളാക്കപ്പെട്ട എല്ലാവരെയും വിട്ടയക്കുന്നതും ഇസ്രയേൽ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് കരാറിലെ ആദ്യഘട്ടം.
ഇസ്രയേൽ മന്ത്രിസഭയും സുരക്ഷാ മന്ത്രിസഭയും കരാർ അംഗീകരിച്ചാൽ 24 മണിക്കൂറിനകം വെടിനിർത്തൽ നിലവിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആദ്യഘട്ട ധാരണ അംഗീകരിക്കപ്പെട്ടെന്ന റിപ്പോര്‍ട്ട് വന്നശേഷവും ഗാസയിൽ ആക്രമണമുണ്ടായി. 24 മണിക്കൂറിനകം 10 പേർ കൂടി കൊല്ലപ്പെട്ടു. 49 പേർക്ക് ഗുരുതര പരിക്കേറ്റു.
ആദ്യഘട്ട ധാരണ പ്രകാരം ഹമാസിന്റെ തടവിലുള്ള ഇസ്രയേലുകാരെയും ഇസ്രയേലിലുള്ള പലസ്‌തീൻ തടവുകാരെയും മോചിപ്പിക്കും. ബന്ദികളാക്കപ്പെട്ടവരെ തിങ്കളാഴ്‌ചയോടെ വിട്ടയക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ ഹമാസിന്റെ നിരായുധീകരണം, ഗാസയിലെ തുടർഭരണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എന്തെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
ഇതിനുമുൻപും വെടിനിർത്തൽ കരാറുകൾ പലവട്ടം ലംഘിക്കപ്പെട്ട മുന്നനുഭവങ്ങൾ ഉള്ളതിനാൽ ഇത്തവണ ശാശ്വത വെടിനിർത്തലും ഗാസയുടെ സമഗ്ര പുനരധിവാസവും ഉറപ്പാക്കണമെന്നാണ് ലോകനേതാക്കൾ ആവശ്യപ്പെടുന്നത്. വെടിനിർത്താനുള്ള ധാരണയെ ആഹ്‌ളാദപൂർവമാണ് ഇസ്രയേലിലെയും ഗാസയിലേയും ജനങ്ങൾ എതിരേറ്റത്.
മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രയേലും കൈമാറിയിരുന്നു. ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ, വടക്കൻ ഗാസ എന്നിവിടങ്ങളിൽനിന്ന് ഇസ്രായേൽസേന പിന്മാറണമെന്നും ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്പോൾ ഗാസയിലെ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട 1,700 പലസ്‌തീൻകാർക്കുപുറമേ ദീർഘകാല തടവ് അനുഭവിക്കുന്ന 250 പേരെയും വിട്ടയക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയിൽ പലസ്‌തീനെ സ്വതന്ത്ര പരമാധികാര രാഷ്‌ട്രമായി അംഗീകരിക്കുന്നത് സംബന്ധിച്ച് പരാമർശമില്ല. ഇസ്രയേലിന്റെ താല്പര്യങ്ങൾക്കനുസരിച്ച് യുഎസ് തയ്യാറാക്കിയതാണ് ട്രംപിന്റെ ഇരുപതിന പദ്ധതിയെന്ന് ആക്ഷേപമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, തുര്‍ക്കി പ്രധാനമന്ത്രി റജപ് തയ്യിപ് എർദോഗൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് തുടങ്ങിയവർ ഗാസ സമാധാന നീക്കത്തെ സ്വാഗതംചെയ്‌തു.
രണ്ടുവര്‍ഷത്തിനിടെ 67,194 പലസ്‌തീന്‍കാരെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. ഗാസയിലെ 90 ശതമാനം കെട്ടിടങ്ങളും വീടുകളും തകർത്തു. പലസ്‌തീന്‍കാരെ കൂട്ടത്തോടെ കുടിയിറക്കി ഗാസ കടലോരവിനോദകേന്ദ്രമാക്കി മാറ്റുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.









0 comments