അവസാനനിമിഷം വരെ
 ആക്രമണം തുടർന്ന്‌ ഇസ്രയേൽ

gaza ceasefire
വെബ് ഡെസ്ക്

Published on Jan 18, 2025, 01:19 AM | 1 min read


ഗാസ സിറ്റി

ഞായറാഴ്ച മുതൽ വെടിർത്താനുള്ള ധാരണ മന്ത്രിസഭ പരിഗണിച്ച സമയത്തും ഗാസ മുനമ്പിൽ ബോംബാക്രമണം വർധിതവീര്യത്തോടെ തുടർന്ന്‌ ഇസ്രയേൽ. ബുധൻ രാത്രി വെടിനിർത്തൽ ധാരണയായെന്ന പ്രഖ്യാപനത്തിനുശേഷം മാത്രം 28 കുട്ടികളും 31 സ്ത്രീകളുമടക്കം 113 ഗാസ നിവാസികൾക്ക്‌ ആക്രമണത്തിൽ ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ മൂന്ന്‌ മാധ്യമപ്രവർത്തകരുമുണ്ട്‌. ഇതോടെ ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ട ഗാസനിവാസികളുടെ എണ്ണം 46,876 ആയി. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 206 ആയി.


സഹായമെത്തും

വെടിനിർത്തൽ ധാരണയുടെ ഭാഗമായി ദിവസേന മുനമ്പിലേക്ക്‌ 600 ട്രക്ക്‌ അവശ്യസാധനങ്ങൾ കടത്തിവിടാമെന്നും സമ്മതിച്ചിട്ടുണ്ട്‌. 50 ട്രക്ക്‌ ഇന്ധനമടക്കമാണിത്‌. കൊടുംതണുപ്പ്‌ താങ്ങാനാകാതെ കൈക്കുഞ്ഞുങ്ങളടക്കം മരിക്കുന്നത്‌ ഗാസയിൽ നിത്യസംഭവമായിരിക്കുകയാണ്‌. കൊടുംപട്ടിണിയിലായ ഗാസയ്ക്ക്‌ നിലവിൽ ദിവസം 40 ട്രക്ക്‌ അവശ്യവസ്തുക്കൾ മാത്രമാണ്‌ ലഭിക്കുന്നത്‌.


പ്രതിഷേധിച്ച്‌ മാധ്യമപ്രവർത്തകർ; ‘ബ്ലിങ്കൻ യുദ്ധക്കുറ്റവാളി’

പടിയിറങ്ങുംമുമ്പത്തെ അവസാന വാർത്താസമ്മേളനത്തിൽ അമേരിക്ക സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക്‌ കുടപിടിക്കുന്ന ബ്ലിങ്കൻ ‘വംശഹത്യാ സെക്രട്ടറി’യും യുദ്ധക്കുറ്റവാളിയും ആണെന്ന്‌ വിളിച്ചുപറഞ്ഞാണ്‌ രണ്ട്‌ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചത്‌. ‘യുദ്ധക്കുറ്റവാളിയായ ബ്ലിങ്കൻ ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ്‌ നിൽക്കേണ്ടതെ’ന്നും ഗ്രേസോൺ എഡിറ്റർ മാക്സ്‌ ബ്ലുമെന്തൽ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ സാം ഹുസെയ്‌നി എന്നിവർ വിളിച്ചുപറഞ്ഞു. സുരക്ഷാ ജീവനക്കാരെത്തി പ്രതിഷേധിച്ച മാധ്യമപ്രവർത്തകരെ പ്രസ്‌ റൂമിൽനിന്ന്‌ വലിച്ചിഴച്ചുകൊണ്ടുപോയി. 2023 ഒക്ടോബർ ഏഴിന്‌ ഗാസയിലേക്ക്‌ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതിനുശേഷം ബ്ലിങ്കൻ 12 തവണയാണ്‌ ഇസ്രയേലിനെ സഹായിക്കാനായി പശ്ചിമേഷ്യ സന്ദർശിച്ചത്‌.






deshabhimani section

Related News

View More
0 comments
Sort by

Home