പലസ്തീന് മുകളിൽ അമേരിക്ക കൂടി പിടിമുറുക്കും

ഗാസ "സമാധാന പദ്ധതി"യിലെ 20 നിർദ്ദേശങ്ങൾ പുറത്ത്

gaza
വെബ് ഡെസ്ക്

Published on Sep 30, 2025, 10:49 AM | 5 min read

വാഷിങ്ടൺ: ഗാസ യുദ്ധത്തിന് അറുതി വരുത്താൻ എന്ന പേരിൽ  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയുടെ പൂർണരൂപം പുറത്തു വിട്ടു. സമീപകാല ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ വംശഹത്യാ നടപടികളിലൂടെ പലസ്തീനെ നിസ്സഹായമാക്കിയതിന് ശേഷമാണ് 'സമാധാന ഉപാധികൾ' എന്ന പേരിൽ പദ്ധതി പുറത്തിറക്കിയിരിക്കുന്നത്.


എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നതിനാണ് ഊന്നൽ. ഹമാസിനെ നിരായുധീകരിക്കുകയും ഗാസയുടെ ഭരണത്തിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നതും പ്രധാന ഉപാധിയായി മുന്നോട്ട് വെക്കുന്നു.


ട്രംപിന്റെ അധ്യക്ഷതയിലുള്ള ഒരു അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേൽനോട്ടത്തിലാവും പലസ്തീൻ സമിതി പ്രവർത്തിക്കുക. ഇവരാവും ഗാസയിലെ ദൈനംദിന സിവിലിയൻ കാര്യങ്ങൾ നിർവഹിക്കുക എന്നും പറയുന്നു. സമിതി ഒടുവിൽ ഗാസയുടെ ഭരണം പരിഷ്‌കരിച്ച പലസ്തീൻ അതോറിറ്റിക്ക് (പിഎ) കൈമാറും എന്നും പറയുന്നുണ്ട്. ഇതിന് സമയ പരിധിയില്ല. പൂർണ്ണ വിധേയതയാണ് കരാർ ആവശ്യപ്പെടുന്നത്.


ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നിർദ്ദേശം അംഗീകരിച്ചതായി പറഞ്ഞാണ് 20 ഉപാധികൾ നടപ്പാക്കുന്നത്. 66,000-ത്തിലധികം പലസ്തീനികളെ കൊന്നൊടുക്കുകയും പലസ്തീൻ എൻക്ലേവിനെ നാശത്തിലേക്ക് തള്ളിവിടുകയും ചെയ്ത ശേഷമാണ് "ഉപാധികൾ" അംഗീകരിക്കാം എന്ന നിലയിലേക്ക് ഇസ്രയേൽ എത്തിയത്.


ഗാസ ഒരു തീവ്രവാദ വിമുക്ത മേഖലയായിരിക്കും, അയൽക്കാർക്ക് ഒരു ഭീഷണിയുമില്ല. ഗാസയിലെ ജനങ്ങൾ ആവശ്യത്തിലധികം ദുരിതമനുഭവിച്ചു അതിനാൽ അവർക്ക് വേണ്ടി ഗാസ പുനർവികസിപ്പിക്കപ്പെടും  എന്നിങ്ങനെ ഇസ്രയേൽ ആക്രമണത്തെ മാറ്റി വെറും ദുരിതം എന്ന നിലയ്ക്കും ഭീഷണി എന്ന നിലയ്ക്കും വിശദീകരണവും നൽകുന്നു.


പൂർണ്ണമായും അമേരിക്കൻ നേതൃത്വത്തിൽ മുന്നേറുന്നതും ഇസ്രയേലിന്റെ ദീർഘകാലമായി തുടരുന്ന ആക്രമണ ലക്ഷ്യങ്ങൾ അംഗീകരിക്കുന്നതുമാണ് 20 ഉപാധികൾ. പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ല. നിദ്ദിഷ്ട കാര്യങ്ങൾ നടപ്പായാൽ ഭാവിയിൽ അതിലേക്ക് എത്തുന്നതിനുള്ള സാധ്യത ഉണ്ടായേക്കാം എന്ന് അവ്യക്തമായി സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.


ട്രംപിന്റെ ഉപാധികളിൽ ഹമാസ് പ്രതികരണം വ്യക്തമല്ല. ഇതുവരെ ഗാസ സമാധാന പദ്ധതിയുടെ രേഖ ലഭിച്ചിട്ടില്ലെന്ന് ഹമാസ് പ്രതിനിധി മഹ്മൂദ് മർദാവിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട് ചെയ്തു. ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ വഴിയാണ് രേഖ കൈമാറുന്നത്.


ഇസ്രായേലി സൈന്യത്തെ പിൻവലിക്കൽ, പലസ്തീൻ തടവുകാർക്ക് പകരമായി ബന്ദികളെ മോചിപ്പിക്കൽ, ഗാസയ്ക്ക് വൻതോതിലുള്ള മാനുഷിക സഹായം നൽകൽ എന്നിവ ഉൾപ്പെടുന്ന ഭാഗങ്ങൾ മുൻകാല കരാറുകളിൽ ഉണ്ടായിരുന്നതിന് സമാനമാണ്. 2025 മാർച്ചിൽ ഇസ്രായേൽ നിബന്ധനകൾ ലംഘിച്ച് ആക്രണം ആവർത്തിച്ചതോടെ ഇത് പരാജയപ്പെടുകയായിരുന്നു.


ഗാസ മുനമ്പിനെ ഒരു റിയൽ എസ്റ്റേറ്റ് സംരംഭമായി വികസിപ്പിക്കാനുള്ള ട്രംപിന്റെ ആശയങ്ങൾക്ക് ആദ്യത്തെ കരാറിൽ ഊന്നൽ ഉണ്ടായിരുന്നു. ഇപ്പോഴത് ഭാവിയിൽ ഈ സ്ട്രിപ്പിനെ നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര സൈനിക ചട്ടക്കൂട് എന്നതിൽ മറച്ചിരിക്കുന്നു.


palastine map


20 ഉപാധികൾ


1. ഗാസ അയൽക്കാർക്ക് ഭീഷണിയാകാത്ത, തീവ്രവാദമുക്തവും ഭീകരവിമുക്തവുമായ മേഖലയാക്കി മാറ്റും.

 

2. വേണ്ടതിലധികം അനുഭവിച്ച ഗാസയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ഗാസയെ പുനർവികസിപ്പിക്കും.

 

3. ഈ കരാർ ഇസ്രായേൽ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ, ജീവനോടെയും മരിച്ചവരായും എല്ലാ ബന്ദികളെയും തിരികെ നൽകും. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഇസ്രയേലി സൈന്യം അംഗീകരിക്കപ്പെട്ട അതിർത്തിയിലേക്ക് പിൻവാങ്ങും. എല്ലാ സൈനിക നീക്കങ്ങളും നിർത്തിവയ്ക്കും.


4. എന്നാൽ ഘട്ടംഘട്ടമായുള്ള പിൻവാങ്ങലിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതുവരെ യുദ്ധ സന്നാഹങ്ങൾ അതേപടി നിലനിർത്തും എന്നും വ്യക്തമാക്കുന്നു.

 

5. എല്ലാ ബന്ദികളെയും മോചിപ്പിച്ചുകഴിഞ്ഞാൽ, 250 ജീവപര്യന്തം തടവുകാരെയും, 2023 ഒക്ടോബർ ഏഴിന് ശേഷം തടവിലാക്കപ്പെട്ട 1700 ഗാസക്കാരെയും ഇസ്രയേൽ മോചിപ്പിക്കും. മരിച്ച ഓരോ ഇസ്രയേലി ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങൾ വിട്ടുകൊടുക്കുന്നതിന് പകരമായി, മരിച്ച 15 ഗാസക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്രയേൽ വിട്ടുകൊടുക്കും.

 

6. ഹമാസ് സമാധാനപരമായ സഹവർത്തിത്വത്തിനും ആയുധങ്ങൾ ഉപേക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കും. എങ്കിൽ അംഗങ്ങൾക്ക് പൊതുമാപ്പ് നൽകും. ഗാസ വിടാൻ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങൾക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാം എന്നും കരാർ പറയുന്നു.

 

7. ഈ കരാർ അംഗീകരിച്ചാലുടൻ, ഗാസ മുനമ്പിലേക്ക് പൂർണ്ണമായ സഹായം അയയ്ക്കും. 2025 ജനുവരി 19-ലെ മാനുഷിക സഹായം സംബന്ധിച്ച കരാറിൽ ഉൾപ്പെടുത്തിയിരുന്ന അളവിൽ സഹായം നൽകും.

8. ഗാസയിലെ സഹായ വിതരണവും പ്രവേശനവും ഐക്യരാഷ്ട്രസഭയും അതിന്റെ ഏജൻസികളും, റെഡ് ക്രസന്റ്, മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവ വഴി ഇരുപക്ഷത്തിന്റെയും ഇടപെടലില്ലാതെ നടക്കും.

റഫ ക്രോസിംഗ് ഇരുവശത്തേക്കും തുറക്കുന്നത് 2025 ജനുവരി 19-ലെ കരാർ പ്രകാരം നടപ്പാക്കിയ അതേ സംവിധാനത്തിന് വിധേയമായിരിക്കും എന്ന് സമ്മതിക്കുന്നു.

 

9. ദൈനംദിന പൊതുസേവനങ്ങളും മുനിസിപ്പാലിറ്റി ഭരണവും ഉത്തരവാദിത്തപ്പെട്ട, സാങ്കേതിക വിദഗ്ദ്ധരും രാഷ്ട്രീയത്തിന് അതീതരുമായ പലസ്തീൻ സമിതിയുടെ താൽക്കാലിക ഭരണത്തിൻ കീഴിലായിരിക്കും.

യോഗ്യരായ പലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും അടങ്ങുന്ന ഈ സമിതി, 'ബോർഡ് ഓഫ് പീസ്' എന്നറിയപ്പെടും. ഈ പുതിയ അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ. എന്നാൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തന്നെയാവും ഇതിന് നേതൃത്വം നൽകും. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളെയും രാഷ്ട്രത്തലവന്മാരെയും പിന്നീട് പ്രഖ്യാപിക്കും.

2020-ലെ ട്രംപിന്റെ പദ്ധതി, നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ, പലസ്തീൻ അതോറിറ്റി അതിന്റെ പരിഷ്‌കരണ പരിപാടി പൂർത്തിയാക്കുകയും ഗാസയുടെ നിയന്ത്രണം സുരക്ഷിതമായും ഫലപ്രദമായും ഏറ്റെടുക്കുകയും ചെയ്യുന്നതുവരെ ഈ സമിതി ഗാസയുടെ പുനർവികസനത്തിനുള്ള പദ്ധതി തയ്യാറാക്കുകയും ഫണ്ടിങ് ഉൾപ്പെടെ കൈകാര്യം ചെയ്യാനുള്ള അധികാരം കയ്യാളും.

 

10. പ്രദേശത്തിന്റെ പുനർനിർമ്മിക്കുന്നതിനും ഊർജ്ജസ്വലമാക്കുന്നതിനും സാമ്പത്തിക വികസന പദ്ധതി സൃഷ്ടിക്കും. ഇതിനായി പശ്ചിമേഷ്യയിലെ വിദഗ്ദ്ധരുടെ പാനലിനെ തയ്യാറാക്കും.

11. പങ്കെടുക്കുന്ന രാജ്യങ്ങളുമായി ചർച്ച ചെയ്ത് മുൻഗണനാ താരിഫും പ്രവേശന നിരക്കുകളുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

 

12. ഗാസ വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാനും തിരികെവരാനും സ്വാതന്ത്ര്യമുണ്ടായിരിക്കും. എന്നാൽ ആരെയും നിർബന്ധിക്കില്ല എന്ന ഉദാരതയെ കുറിച്ചും പറയുന്നു.  

13. ഗാസയുടെ ഭരണത്തിൽ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും രൂപത്തിലോ ഒരു പങ്കും വഹിക്കില്ലെന്ന് ഹമാസും മറ്റ് വിഭാഗങ്ങളും സമ്മതിക്കണം എന്ന് ഉറപ്പാക്കുന്നു.

 തുരങ്കങ്ങളും ആയുധ നിർമ്മാണ ശാലകളും ഉൾപ്പെടെ എല്ലാ സൈനിക, അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കണം.  പുനർനിർമ്മിക്കാതിരിക്കുകയും ചെയ്യുന്നത് ഉറപ്പാക്കണം.

മാത്രമല്ല സ്വതന്ത്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ ഗാസയെ സൈനികവിമുക്തമാക്കുന്ന ഒരു പ്രക്രിയ നേരിടേണ്ടി വരും. ആയുധങ്ങൾ ഉപയോഗശൂന്യമാക്കുക, ഇവയെല്ലാം സ്വതന്ത്ര നിരീക്ഷകർ പരിശോധിക്കുക.

പുതിയ ഗാസ അഭിവൃദ്ധിയുള്ള ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് അയൽക്കാരുമായി (ഇസ്രയേൽ) സമാധാനപരമായ സഹവർത്തിത്വത്തിനും പൂർണ്ണമായും പ്രതിജ്ഞാബദ്ധമായിരിക്കും എന്ന് മുന്നറിയിപ്പും നൽകുന്നു.

 

14. ഹമാസും മറ്റ് വിഭാഗങ്ങളും തങ്ങളുടെ ബാധ്യതകൾ പാലിക്കുന്നുണ്ടെന്നും പുതിയ ഗാസ അതിന്റെ അയൽക്കാർക്കോ ജനങ്ങൾക്കോ ഒരു ഭീഷണിയാകുന്നില്ലെന്നും ഉറപ്പാക്കാൻ പ്രാദേശിക പങ്കാളികൾ ഉറപ്പ് നൽകണം എന്ന് അയൽ രാജ്യങ്ങൾക്കും ബാധ്യത നൽകുന്നു.

 

15. ഗാസയിൽ ഉടനടി വിന്യസിക്കുന്നതിനായി ഒരു താൽക്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന (ISF) രൂപീകരിക്കാൻ അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി രംഗത്ത് വരും. ഈ സേന ദീർഘകാലാടിസ്ഥാനത്തിലുള്ള ആഭ്യന്തര സുരക്ഷാ സംവിധാനമായിരിക്കും. പുതുതായി പരിശീലനം ലഭിച്ച പലസ്തീൻ പോലീസ് സേനയ്ക്കൊപ്പം ഐഎസ്എഫ്, ഇസ്രായേലുമായും ഈജിപ്തുമായും ചേർന്ന് അതിർത്തി പ്രദേശങ്ങൾ കാക്കും.

16. ഇസ്രയേൽ ഗാസയെ അധിനിവേശം ചെയ്യുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യില്ല. എന്നാൽ ഇത്തരത്തിൽ രൂപീകൃതമായ സേനയായ ഐഎസ്എഫ് നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോൾ മാത്രം ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങും.

 

17. ഹമാസ് ഈ നിർദ്ദേശം വൈകിപ്പിക്കുകയോ നിരസിക്കുകയോ ചെയ്താൽ, വർദ്ധിപ്പിച്ച സഹായ പ്രവർത്തനം ഉൾപ്പെടെയുള്ള മേൽപ്പറഞ്ഞ കാര്യങ്ങൾ പിൻവലിക്കും. ഇസ്രയേൽ സേന ഐഎസ്എഫിന് കൈമാറിയ മേഖലകളിൽ തങ്ങളുടെ നയം നടപ്പിലാക്കും.

 

18. പലസ്തീനികളുടെയും ചിന്താഗതികളും സമീപനവും മാറ്റാനായി സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി സർവ്വമത സംവാദ പ്രക്രിയ സ്ഥാപിക്കും.


19. ഗാസയുടെ പുനർവികസനം പുരോഗമിക്കുകയും പലസ്തീൻ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി നടപ്പാക്കുകയും ഉറപ്പായി കഴിഞ്ഞാൽ മാത്രം പലസ്തീൻ ജനതയുടെ അഭിലാഷമായ സ്വയംനിർണ്ണയ അവകാശത്തിനും രാഷ്ട്രപദവിക്കും വേണ്ടിയുള്ള സാഹചര്യങ്ങൾ പരിഗണിച്ചേക്കാം എന്ന് പറയുന്നു.


20. മാത്രമല്ല അമേരിക്കയുടെ നിയന്ത്രണം എല്ലാ കാര്യത്തിലും തുടന്നു നലനിർത്തും എന്നും പറയുന്നു. സമാധാനപരവും അഭിവൃദ്ധിയിലൂടെയുള്ളതുമായി സഹവർത്തിത്വത്തിനായുള്ള രാഷ്ട്രീയ ദിശാബോധം വേണം. ഇത് അംഗീകരിക്കുന്നതിന് ഇസ്രയേലും പലസ്തീനും തമ്മിലുള്ള നിരന്തരമായ സംവാദം അമേരിക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും എന്നും ഉപാധി ഉറപ്പാക്കുന്നു.


ട്രംപ് ഭരണകൂടവും ഇസ്രായേലും ഹമാസ് രഹിത ഗാസ മാത്രമല്ല, പൂർണ്ണമായും രാഷ്ട്രീയരഹിതമായ ഒരു ഗാസൻ ജനതയെ രൂപപ്പെടുത്തുന്നതും ഇതു വഴി ലക്ഷ്യം വെക്കുന്നു എന്ന് വിലയിരുത്തലുകൾ ഉണ്ടായി.


ഹമാസിന് ഒരു റോളും ഇല്ലാത്തതിനാൽ, ഗാസയിൽ ഫലസ്തീനികളെ ആരാണ് പ്രതിനിധീകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ നാമമാത്രമായി നിയന്ത്രിക്കുന്ന പലസ്തീൻ അതോറിറ്റിയുടെ നവീകരിച്ച പതിപ്പിന്റെ വിപുലൂകരണം ലക്ഷ്യമാവാം. ഫലസ്തീൻ പോലീസ് സേനയെ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സ് പരിശീലിപ്പിക്കുകയും അവർ മേൽനോട്ടം വഹിക്കുകയും ഗാസ മുനമ്പിൽ വിന്യസിക്കുകയും ചെയ്യുമെന്ന് പദ്ധതി സൂചിപ്പിക്കുന്നു. പലസ്തീൻ അതോറിറ്റിയുടെ പോലീസ് എന്ന സാധ്യതയിലേക്കുള്ള സൂചനയും ഇത് നൽകുന്നു. ആഭ്യന്തര നിയമപാലനം വരെ പുറത്ത് നിന്ന് നിയന്ത്രിക്കുന്നതാവും എന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Home