പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, അപലപിച്ച് അമേരിക്കയും ഇസ്രയേലും

ന്യൂഡൽഹി: പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. "മധ്യപൂർവദേശത്ത് നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനത്തിനായുള്ള ചരിത്രപരമായ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഫ്രാൻസ് പലസ്തീനെ അംഗീകരിക്കുമെന്ന് തീരുമാനിച്ചു," - മാക്രോൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. തൊട്ട് പിന്നാലെ ഇസ്രായേലും യുഎസും ഫ്രാൻസിന്റെ തീരുമാനത്തെ അപലപിച്ച് രംഗത്തെത്തി.
ഇതോടെ കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന ജി7 ഗ്രൂപ്പിലെ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്ന ഏക രാജ്യമായ് ഫ്രാൻസ് മാറും.
ഈ സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് മുമ്പാകെ ഫ്രാൻസ് ഈ പ്രഖ്യാപനം നടത്തുമെന്ന് തന്റെ പോസ്റ്റിൽ മാക്രോൺ വ്യക്തമാക്കുന്നു.
“ഇന്നത്തെ അടിയന്തര മുൻഗണന ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യുക എന്നതാണ്. “സമാധാനം സാധ്യമാണെന്ന് തെളിയിക്കേണ്ടത് ഇസ്രായേലികൾ, പലസ്തീനികൾ, യൂറോപ്യൻ അന്താരാഷ്ട്ര പങ്കാളികൾ എന്നിവരോടൊപ്പം ഫ്രഞ്ച് പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്ന് മനസിലാക്കുന്നു.
സമാധാനം സാധ്യമാണ്. ഉടനടി വെടിനിർത്തൽ, എല്ലാ ബന്ദികളെയും മോചിപ്പിക്കൽ, ഗാസയിലെ ജനങ്ങൾക്ക് വൻതോതിലുള്ള മാനുഷിക സഹായം എന്നിവ സാധ്യമാക്കണം’’ പലസ്തീനിലെ സായുധ സംഘമായ ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യവും മാക്രോൺ തന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയുട്ടുണ്ട്.

“പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് വെടിനിർത്തൽ സംബന്ധിച്ച് നൽകിയ പ്രതിജ്ഞാബദ്ധതയുടെ വെളിച്ചത്തിലാണ് മുന്നോട്ട് പോകാനുള്ള തന്റെ ദൃഢനിശ്ചയം എന്ന് വ്യക്തമാക്കി കത്തെഴുതിയിട്ടുണ്ട് എന്നും പറഞ്ഞു.
ഇതോടെ ഗ്ലോബൽ നോർത്തിലെ ശക്തികളിൽ പലസ്തീനെ അംഗീകരിക്കുന്ന ഏറ്റവും ശക്തമായ രാജ്യമായി ഫ്രാൻസ് രംഗത്ത് വരികയാണ്.
"ഈ സാഹചര്യങ്ങളിൽ ഒരു പലസ്തീനിയൻ രാഷ്ട്രം ഇസ്രായേലിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരു ലോഞ്ച് പാഡായിരിക്കും - അതിനടുത്ത് സമാധാനത്തോടെ ജീവിക്കാനാവില്ല" എന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എക്സിൽ പ്രതികരിച്ചു.പലസ്തീനികൾ ഇസ്രായേലിനൊപ്പം ഒരു രാഷ്ട്രം സ്വീകരിക്കുന്നില്ല. അവർ ഇസ്രായേലിന് പകരം ഒരു രാഷ്ട്രം തേടുകയാണ് എന്നും കൂട്ടിച്ചേർത്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ തീരുമാനത്തെ "അശ്രദ്ധ" എന്ന് വിശേഷിപ്പിച്ചു. "ഇത് ഹമാസിന്റെ പ്രചാരണത്തിന് മാത്രമേ ഉപകരിക്കൂ, സമാധാനത്തിന് തിരിച്ചടിയാകും" എന്നും എക്സിൽ പ്രതികരിച്ചു.
അമേരിക്കയ്ക്ക് ഗാസയെ നിയന്ത്രിക്കാനും അതിനെ "മിഡിൽ ഈസ്റ്റിന്റെ റി വേറ" ആക്കി മാറ്റാനും കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കോൺസൺട്രേഷൻ ക്യാമ്പുകളുടെ രൂപത്തിൽ പൌരൻമാരെ ഒറ്റപ്പെടുത്തിയുള്ള പദ്ധതിയാണ് ലക്ഷ്യമാക്കിയിരുന്നത് എന്ന് റിപ്പോർട് ചെയ്യപ്പെട്ടു. ഗാസയിലെ യഥാർത്ഥ ജനതയെ ബലപ്രയോഗത്തിലൂടെ പുറത്താക്കുന്നതാണ് സമ്പന്ന ലെബനനും ദുബയിയും പോലുള്ള റി വേറയാക്കും എന്ന പ്രഖ്യാപനത്തിന് പിന്നിൽ ട്രംപ് ഉദ്ദേശിക്കുന്നത് എന്നും വിലയിരുത്തൽ ഉണ്ടായി.
പാലസ്തീനും ഇസ്രയേലും ഉൾപ്പെടെ ഈ മേഖലയിലെ നേരത്തെയുള്ള രാജ്യങ്ങൾ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും കോളനികളായിരുന്നു. പിന്നീട് ഇസ്രയേലിനെ അംഗീകരിച്ചു എങ്കിലും പലസ്തീനെ അംഗീകരിക്കുന്നതിൽ നിന്നും വിമുഖത കാട്ടിയത് ഫ്രാൻസ് നടത്തിയ രഹസ്യമായ ഒത്തു തീർപ്പ് തന്ത്രമായും വിമർശിക്കപ്പെട്ടിരുന്നു.









0 comments