കോംഗോയിൽ സംഘർഷം തുടരുന്നു; 4 സൈനികർ കൂടി കൊല്ലപ്പെട്ടതായി പ്രതിരോധ സേന; മരണം 13

photo credit: X
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എം23 വിമതരുമായി നടന്ന സംഘർഷത്തിൽ നാല് ദക്ഷിണാഫ്രിക്കൻ സൈനികർ കൂടി കൊല്ലപ്പെട്ടതായി പ്രതിരോധ സേന ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞയാഴ്ച ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച ഗോമ വിമാനത്താവളത്തിന് സമീപം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ദക്ഷിണാഫ്രിക്കൻ നാഷണൽ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
കിഴക്കൻ കോംഗോയിലെ ഗോമ നഗരം വിമതർ പിടിച്ചടക്കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. കോംഗോ സുരക്ഷാ സൈന്യവുമായി എം23 വിമതർ ഞായറാഴ്‌ച രൂക്ഷമായി ഏറ്റുമുട്ടിയതായും തിങ്കൾ പുലർച്ചെ സൈനികർ നഗരത്തിൽ ആയുധമേന്തി മാർച്ച് നടത്തിയതായുമാണ് റിപ്പോർട്ട്. അതേസമയം കോംഗോ സർക്കാർ അട്ടിമറി സ്ഥിരീകരിച്ചിട്ടില്ല.
ഉയർന്ന ധാതുനിക്ഷേപമുള്ള പ്രദേശം പിടിച്ചടക്കാനായി അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ പത്തുവർഷത്തോളമായി കോംഗോയുമായി യുദ്ധത്തിലാണ്. 2012ൽ ഇവർ ഗോമ അധീനപ്പെടുത്തിയിരുന്നു. യുദ്ധത്തെത്തുടർന്ന് 60 ലക്ഷംപേർ കുടിയൊഴിക്കപ്പെട്ട പ്രദേശത്തുനിന്ന് വിമതർ എത്രയുംപെട്ടന്ന് ഒഴിഞ്ഞുപോകണമെന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ രക്ഷാകൗൺസിൽ അറിയിച്ചു.









0 comments