തിങ്കിങ് മെഷീൻസ് ലാബ്; എഐ സ്റ്റാർട്ടപ്പുമായി ഓപ്പൺ എഐ മുൻ സിടിഒ

സാൻഫ്രാൻസിസ്കോ : പുതിയ എഐ സ്റ്റാർട്ടപ്പിന് തുടക്കമിട്ട് ഓപ്പൺ എഐ മുൻ ചീഫ് ടെക്നോളജി ഓഫീസർ മിറ മുറാട്ടി. തിങ്കിങ് മെഷീൻസ് ലാബ് എന്ന പേരിലാണ് തുടക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികതയെ ഫലപ്രദമായി ഉപയോഗിക്കാനും വ്യാപകമായി എഐ സിസ്റ്റങ്ങളെ മനസിലാക്കാനും വേണ്ടിയാണ് പുതിയ സ്റ്റാർട്ടപ് സംരംഭമെന്ന് മിറ വ്യക്തമാക്കി.
30 ജീവനക്കാരാണ് തിങ്കിങ് മെഷീൻസ് ലാബിലുള്ളത്. ഇതിൽ ഭൂരിഭാഗവും ഓപ്പൺ എഐയിൽ നിന്നും മെറ്റയിൽ നിന്നും മിസ്ട്രാലിൽ നിന്നുമുള്ളവരാണെന്ന് റൂയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജോൺ ഷൂൾമാനാണ് മുഖ്യ ശാസ്ത്രജ്ഞൻ. ബാരറ്റ് സോഫാണ് ചീഫ് ടെക്നിക്കൽ ഓഫീസർ.
'എഐ ഏറെ പുരോഗമിച്ചു എങ്കിലും ചില വിടവുകൾ അവശേഷിക്കുന്നുണ്ട്. എഐ സംവിധാനങ്ങൾ എങ്ങനെ പരിശീലിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള അറിവ് ഗവേഷണ ലാബുകളിൽ കേന്ദ്രീകരിച്ചാണുള്ളത്. ഇത് എഐയെക്കുറിച്ചുള്ള പൊതു വ്യവഹാരങ്ങളെയും എഐ ഫലപ്രദമായി ഉപയോഗിക്കാനുള്ള ആളുകളുടെ കഴിവിനെയും പരിമിതപ്പെടുത്തുന്നു. കൂടാതെ കഴിവുകൾ ഉണ്ടായിരുന്നിട്ടും ആളുകൾക്ക് ഈ സംവിധാനങ്ങൾ അവരുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്യാൻ ബുദ്ധിമുട്ടാണ്'. ആളുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സുരക്ഷിതമായ നിർമിത ബുദ്ധി സാങ്കേതികത പ്രാവർത്തികമാക്കാനാണ് തിങ്കിങ് മെഷീൻസ് ലാബിലൂടെ ഉദ്ദേശിക്കുന്നതെന്നും സ്റ്റാർട്ടപ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റാർട്ടപ്പായ ലീപ് മോഷനിലും ഇലോൺ മസ്കിന്റെ ടെസ്‍ലയിലും പ്രവർത്തിച്ചിട്ടുള്ള മിറ 2018ലാണ് ഓപ്പൺഎഐയിലെത്തുന്നത്.
0 comments