അഗ്നിപർവത സ്‌ഫോടനത്തിനുശേഷം ബാലിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഇന്തോനേഷ്യ

photo credit: X
ജക്കാർത്ത: ബാലിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഇന്തോനേഷ്യ. ബാലിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും വ്യാഴാഴ്ച പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ലെവോട്ടോബി ലാക്കി -ലാക്കി അഗ്നിപർവത സ്‌ഫോടനത്തെത്തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കിയിരുന്നു.
കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ലെവോട്ടോബി ലക്കി-ലാക്കി ചൊവ്വാഴ്ചയാണ് പൊട്ടിത്തെറിച്ചത്. 11 കിലോമീറ്റർ (7 മൈൽ) ഉയരത്തിൽ വരെ അവശിഷ്ടങ്ങൾ പതിച്ചിരുന്നു.
66 അന്താരാഷ്ട്ര വിമാനങ്ങളും 21 ആഭ്യന്തര വിമാനങ്ങളും ഉൾപ്പെടെ ബാലിയിലേക്കും തിരിച്ചുമുള്ള എൺപത്തിയേഴ് വിമാനങ്ങളെ അഗ്നിപർവത സ്‌ഫോടനം ബാധിച്ചിരുന്നു. സ്‌ഫോടനത്തെത്തുടർന്ന് അഗ്നിപർവതത്തിന് സമീപമുള്ള മൂന്ന് ഗ്രാമങ്ങളിൽ താമസിക്കുന്ന ഡസൻ കണക്കിന് ആളുകളെ ഒഴിപ്പിച്ചതായി പ്രാദേശിക ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു. ഈ വർഷം ലെവോട്ടോബി 427 തവണ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ നവംബറിൽ സ്‌ഫോടനത്തിൽ 9 പേർ മരിച്ചിരുന്നു. അതിനുശേഷമുള്ള ഏറ്റവും വലിയ പൊട്ടിത്തെറിയാണ് ചൊവ്വാഴ്ചയുണ്ടായത്.
ഇന്തോനേഷ്യയിൽ ഏകദേശം 130 സജീവ അഗ്നിപർവതങ്ങളുണ്ട്. അവ പസഫിക് "റിംഗ് ഓഫ് ഫയർ" എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ അഗ്നിപർവത സ്ഫോടനങ്ങൾ രാജ്യത്തെ ഇടയ്ക്കിടെ വേട്ടയാടാറുണ്ട്. ബാലിയിൽ നിന്നും 800 കിലോമീറ്റർ അകലെയായാണ് ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം . ഇന്തോനീഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവതം മെരാപിയാണ്. കൃത്യമായ ഇടവേളകളിൽ വിസ്ഫോടനം നടത്തുന്ന പർവതമാണ് ഇത്.
ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ഓരോ വർഷവും 1500ത്തിലധികം പ്രകൃതിദുരന്തങ്ങളാണ് ഇവിടെ ഉണ്ടാകുന്നതെന്നാണ് കണക്ക്.









0 comments