ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ച് അഞ്ച് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ച് അഞ്ച് മരണം. സുലവേസി ദ്വീപിന് സമീപം കടലിലാണ് അപകടമുണ്ടായത്. ബോട്ടിലെ 280 ലധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രവിശ്യയിലെ ദ്വീപ് ജില്ലയായ തലൗദിൽ നിന്ന് വടക്കൻ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മനാഡോയിലേക്ക് പോകുകയായിരുന്ന കെഎം ബാഴ്‌സലോണ 5നാണ് തീപിടിച്ചത്. താലിസിന് സമീപം യാത്രാ ബോട്ടിന് തീപിടിച്ചതായി ഇന്തോനേഷ്യൻ ഫ്ലീറ്റ് കമാൻഡിന്റെ കമാൻഡർ വൈസ് അഡ്മിറൽ ഡെനിഹ് ഹെൻഡ്രാറ്റ പറഞ്ഞു.
പ്രദേശത്ത് നാവികസേനയുടെ മൂന്ന് കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 284 യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. കടൽ പ്രക്ഷുബ്ധമായതിനാൽ പ്രാദേശിക മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ഗർഭിണിയായ സ്ത്രീയുടെ ഉൾപ്പെടെ അഞ്ച് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഫെറിയിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കൃത്യമായ കണക്കുകൾ ലഭ്യമല്ല.
17,000ത്തിലധികം ദ്വീപുകളുള്ള ഒരു ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. കടത്തുവള്ളങ്ങൾ സാധാരണ ഉപയോഗിക്കുന്ന യാത്രാ മാർഗമാണ്. സുരക്ഷാ സംവിധാനങ്ങളുടെ ദുർബലതകൊകൊണ്ട് പലപ്പോഴും ദുരന്തങ്ങൾക്ക് കാരണമാകുന്നതായി പറയപ്പെടുന്നു. ജൂലൈ 14 ന് 18 പേരുമായി സഞ്ചരിച്ചിരുന്ന ഒരു സ്പീഡ് ബോട്ട് കൊടുങ്കാറ്റിൽ മറിഞ്ഞ് അപകടമുണ്ടായിരുന്നു.









0 comments