വെള്ളിയാഴ്ച പ്രാർത്ഥന നടത്തി; പാക്കിസ്ഥാനിൽ അഹമ്മദീയർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പ്രതീകാത്മക ചിത്രം
ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയതിന് അഹ്മദിയ്യ സമുദായത്തിലുള്ളവർക്കെതിരെ കേസ്. 50ലധികം അംഗങ്ങൾക്കെതിരെ ദൈവനിന്ദ നിയമപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
"ഒരു വിഭാഗത്തിലെ ആളുകളുടെ മതത്തെയും മതവിശ്വാസത്തെയും അപമാനിച്ചതിനും, സ്വയം മുസ്ലീങ്ങളാണെന്ന് പറഞ്ഞതിനും, വിശ്വാസത്തെ ഇസ്ലാം എന്നും പരാമർശിച്ചതിനും" പാകിസ്ഥാൻ പീനൽ കോഡ് (പിപിസി) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. മുസ്ലീങ്ങൾ ചെയ്യുന്നതുപോലെ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നത് നിയമപ്രകാരം അഹമദീയർക്ക് നിരോധിച്ചിരിക്കുന്ന ആചാരമാണെന്ന് ആരോപിച്ച് മുഹമ്മദ് അമാനുല്ലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ച പഞ്ചാബിലെ അഹമ്മദീയരുടെ നിരവധി ആരാധനാലയങ്ങൾ റാഡിക്കൽ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) ആക്രമിച്ചിരുന്നു. ഫൈസലാബാദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ അഹമ്മദീയരെ ആക്രമിച്ചതായി ജമാഅത്തെ അഹ്മദിയ്യ പാകിസ്ഥാൻ (ജെഎപി) പറഞ്ഞു. കർതാർപൂർ, ഗുജറാത്ത്, സിയാൽകോട്ട് ജില്ലകളിലെ അഹമ്മദി ആരാധനാലയങ്ങളും ആക്രമിച്ചതായി ജെഎപി പറഞ്ഞു.
"സർക്കാർ അഹമ്മദീയരുടെ സുരക്ഷ ഉറപ്പാക്കുകയും തീവ്രവാദ ഘടകങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണം,ഒരു സംഘടനയുടെ നിർദ്ദേശപ്രകാരം അഹമ്മദീയർക്കെതിരെ അടിസ്ഥാനരഹിതമായ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയാണ് രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത്?" ജെഎപി വക്താവ് ആമിർ മഹമൂദ് പറഞ്ഞു. അടിസ്ഥാനരഹിതമായ ഈ കേസുകൾ തള്ളണമെന്നും നിരപരാധികളായ എല്ലാ അഹമ്മദീയരെയും ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിൽ അഹമദീയർക്കു നേരെയുള്ള അതിക്രമം വർധിച്ചു വരികയാണ്. ജനുവരിയിൽ അഹമദിയ്യ സമുദായത്തിന്റെ ശവക്കല്ലറകളും ആരാധനാലയങ്ങളും അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. 1974-ലാണ് പാകിസ്ഥാൻ പാർലമെന്റ് അഹമദിയ സമുദായത്തെ അമുസ്ലിങ്ങളായി പ്രഖ്യാപിച്ചത്. ഒരു ദശാബ്ദത്തിനു ശേഷം അവർ മുസ്ലീങ്ങൾ എന്ന് വിളിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടു. അവർക്ക് മതപ്രസംഗം നടത്തുന്നതിനും തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിനും വിലക്കുണ്ട്. പാകിസ്ഥാനിലെ 22 കോടി ജനസംഖ്യയിൽ ഏകദേശം ഒരുകോടി അമുസ്ലീങ്ങളാണ്. 2021-ൽ പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 96.47 ശതമാനം മുസ്ലീങ്ങളും 2.14 ശതമാനം ഹിന്ദുക്കളും 1.27 ശതമാനം ക്രിസ്ത്യാനികളും 0.09 ശതമാനം അഹമദിയ മുസ്ലീങ്ങളും 0.02 ശതമാനം മറ്റുള്ളവരും ഉണ്ട്.









0 comments