യുഎൻ സഭാസമ്മേളനത്തിനിടെ മൂന്നുതവണ അട്ടിമറി ശ്രമം നേരിട്ടെന്ന് ട്രംപ്

വാഷിങ്ടൻ: ഐക്യരാഷ്ട്രസംഘടന പൊതുസഭസമ്മേളനത്തിൽ പ്രസംഗിക്കാൻ എത്തിയ താൻ മൂന്ന് അട്ടിമറി ശ്രമങ്ങൾ നേരിടേണ്ടി വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയിൽ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപിച്ചു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചൊവ്വാഴ്ച ന്യൂയോർക്കിൽ യുഎൻ ഉച്ചകോടിയിൽ പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം മുകളിലേക്ക് കയറവെ എസ്കലേറ്റർ നിശ്ചലമായി. പ്രസംഗിക്കാനായി പോഡിയത്തിൽ കയറിയപ്പോൾ, അദ്ദേഹത്തിന്റെ ടെലിപ്രോംപ്റ്റർ നിശ്ചലമായി. പൊതുസഭയിലെ പ്രസംഗത്തിന്റെ ഒരു ഭാഗം ശ്രോതാക്കൾക്ക് കേൾക്കാനായില്ല. ഈ മുന്ന് സംഭവങ്ങളും ചേർത്താണ് 'ട്രിപ്ൾ അട്ടിമറി' ശ്രമം എന്ന് ട്രംപ് വിശേഷിപ്പിച്ചത്.
“ഇത് യാദൃശ്ചികമല്ല, ഇത് ഐക്യരാഷ്ട്രസംഘടനയിൽ നടന്ന മൂന്ന് അട്ടിമറിയായിരുന്നു,” ട്രംപ് പ്രഖ്യാപിച്ചു, വിഷയത്തിൽ “ഉടനടി” അന്വേഷണം ആവശ്യപ്പെട്ടു.
ട്രംപിന്റെ ആരോപണങ്ങൾ യുഎൻ അധികൃതർ തള്ളി. എസ്കലേറ്റർ നിൽക്കാൻ കാരണം ട്രംപിന്റെ സംഘത്തിലെ വിഡിയോഗ്രാഫർ എമർജൻസി സ്വിച്ച് അമർത്തിപ്പോയതാണ്. ടെലിപ്രോംപ്റ്റർ പ്രവർത്തിപ്പിച്ചത് യു എൻ ജീവനക്കാരല്ല. ട്രംപ് സംഘത്തിലെ അനുചരർ നേരിട്ടാണ്. പ്രസംഗം കേൾക്കുന്ന ഇയർപീസുകളിലെ തകരാറിനെ കുറിച്ച് വ്യക്തതയില്ല- യുഎൻ ഉദ്യോഗസ്ഥർ ‘ട്രംപിന്റെ ട്രിപിൾ’ അട്ടിമറി ആരോപണത്തിൽ പ്രതികരിച്ചു.
യുഎസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
79 വയസ്സുള്ള പ്രസിഡന്റും 55 വയസ്സുള്ള പ്രഥമ വനിതയും യുഎൻ ആസ്ഥാനത്തെ എസ്കലേറ്ററിൽ കാലുകുത്തുന്നതും, പിന്നീട് അത് ഒരു നിമിഷം നിലയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ട്രംപിന്റെ ബുധനാഴ്ചത്തെ പോസ്റ്റ് സൂചിപ്പിക്കുന്നത്, നീങ്ങുന്ന പടിക്കെട്ടിലെ അപകടത്തെക്കുറിച്ചുള്ള യുഎന്നിന്റെ നിഗമനം പ്രസിഡന്റ് അംഗീകരിക്കുന്നില്ലെന്നും വിശാലമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു എന്നുമാണ്.
ജനറൽ അസംബ്ലി ഹാളിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാകാമെങ്കിലും, ട്രംപിന്റെ സന്ദേശം ലോകമെമ്പാടും ഉച്ചത്തിലും വ്യക്തമായും കേട്ടു. ഈ പ്രസംഗത്തിൽ ട്രംപ് യുഎന്നിനെ വിമർശിച്ചു, അതിന്റെ നിലനിൽപ്പിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്തു. യൂറോപ്യൻ സഖ്യകക്ഷികൾക്ക് കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കിൽ അവരുടെ രാജ്യങ്ങൾ "നരകത്തിലേക്ക് പോകും" എന്ന മുന്നറിയിപ്പ് നൽകി.








0 comments