ട്രംപാഘാതം: രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച

ട്രംപാഘാതം: രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച
വാണിജ്യകാര്യ ലേഖകന്‍
കൊച്ചി
അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്‌ക്ക് വന്‍ തകര്‍ച്ച. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. മൂല്യം ആദ്യമായി 88 കടന്നു. ഇന്റര്‍ബാങ്ക് ഫോറെക്സ് വിപണിയില്‍ 15 പൈസ നഷ്ടത്തില്‍ 87.73ലാണ് രൂപ വ്യാപാരം തുടങ്ങിയത്.
വ്യാപാരത്തിനിടെ നഷ്ടം 75 പൈസയായി വര്‍ധിച്ചു. മൂല്യം 88.33 ലേക്ക് ഇടിഞ്ഞു. ഒടുവില്‍ മുന്‍ ദിവസത്തെ അവസാന നിരക്കായ 87.58 ല്‍ നിന്നും 61 പൈസ നഷ്ടത്തില്‍ 88.19 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ക്കുമേല്‍ 50 ശതമാനം പ്രതികാരച്ചുങ്കം അടിച്ചേല്‍പ്പിച്ചതും ഡോളര്‍ സൂചിക ശക്തിപ്പെട്ടതും മാസാവസാനം വിപണിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതുമാണ് പ്രധാനമായും രൂപയുടെ മൂല്യം ഇടിച്ചത്.
ആഭ്യന്തര ഓഹരിവിപണിയിലെ തുടര്‍ച്ചയായ ഇടിവും വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതും തിരിച്ചടിയായി. അമേരിക്കന്‍ അധികച്ചുങ്കത്തില്‍ കയറ്റുമതി മേഖല സ്തംഭിച്ച് നില്‍ക്കുമ്പോള്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് സമ്പദ്-വ്യവസ്ഥയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും.









0 comments