തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; ഉത്തരവിൽ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ : യുഎസ് തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയെയും മറ്റു ചില രാജ്യങ്ങളെയും ഉദാഹരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടി. ആധുനിക കാലത്ത് വികസിത, വികസ്വര രാജ്യങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാനപരവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ അമേരിക്ക പരാജയപ്പെടുകയാണെന്ന് ഉത്തരവിൽ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു. വോട്ടുചെയ്യുന്നതിന് യുഎസ് പാസ്‌പോര്‍ട്ടോ ജനന സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കുന്ന തരത്തിലാകും ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത്.
സംസ്ഥാനങ്ങള്‍ വോട്ടര്‍പട്ടിക തയ്യാറാക്കി സൂക്ഷിക്കണം. യുഎസ് പൗരന്മാര്‍ അല്ലാത്തവരെ ഫെഡറല്‍ ഏജന്‍സികള്‍ കണ്ടെത്തും. തെരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തടയുന്നതിനായി വിദേശ സംഭാവനകള്‍ക്കും വിലക്കേര്‍പ്പെടുത്താനാണ് നീക്കം. ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വോട്ടുചെയ്യാനെത്തുന്നവരെ തിരിച്ചറിയുന്നത്. എന്നാല്‍ യുഎസിൽ അങ്ങനെയല്ലെന്ന് ട്രംപ് പറഞ്ഞു. ജര്‍മനിയും കാനഡയും അടക്കമുള്ള രാജ്യങ്ങള്‍ പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്.









0 comments