ഇന്ത്യ–പാകിസ്ഥാൻ സംഘർഷങ്ങളിൽ അഞ്ച് യുദ്ധവിമാനങ്ങൾ തകർന്നിരുന്നു: ട്രംപ്

PHOTO: Facebook
വാഷിങ്‌ടൺ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഇന്ത്യ–പാകിസ്ഥാൻ സംഘർഷങ്ങളിൽ അഞ്ച് യുദ്ധവിമാനങ്ങൾ തകർന്നിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് തകർന്നതെന്ന് വ്യക്തമാക്കാതെയാണ് ട്രംപിന്റെ പ്രസ്‌താവന.
രണ്ട് ന്യൂക്ലിയാർ ശക്തികൾ തമ്മിൽ നടക്കേണ്ടിയിരുന്ന യുദ്ധം ഒഴിവാക്കിയത് താനാണ് എന്ന് അവകാശമുന്നയിക്കുന്നതിനിടെയാണ് സംഘർഷത്തിൽ അഞ്ച് വിമാനങ്ങൾ തകർന്നിരുന്നുവെന്ന യുഎസ് പ്രസിഡന്റിന്റെ പ്രസ്‌താവന. ട്രംപിന്റെ വാക്കുകൾ ശരിവയ്‌ക്കുന്ന തരത്തിലുള്ള ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.
‘നമ്മൾ ഒരുപാട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഗുരുതരമായ സംഘർഷങ്ങൾ നടന്നിരുന്നു.’– റിപ്പബ്ലിക്കൻ യുഎസ് പ്രതിനിധികളുമായുള്ള അത്താഴവിരുന്നിനിടെ ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ–പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച മെയ് 10 മുതൽ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. വിഷയത്തിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ തുടക്കംമുതൽ തന്നെ നിഷേധിക്കുകയും ചെയ്തു. എങ്കിലും ട്രംപ് സംഘർഷം അവസാനിപ്പിച്ചത് താനാണ് എന്ന വാദം തുടരുകയാണ്.
വ്യാപാര ചർച്ചകൾ അവസാനിപ്പിക്കുമെന്ന യുഎസ് ഭീഷണിയുടെ ഫലമായാണ് സംഘർഷം അവസാനിച്ചതെന്ന ട്രംപിന്റെ വാക്കുകളോടും ഇന്ത്യ വിയോജിച്ചു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പ്രശ്‌നം പരിഹരിച്ചുവെന്നാണ് ഇന്ത്യയുടെ നിലപാട്.









0 comments