ഡൽഹി സ്ഫോടനം: യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് അനുശോചിച്ചു

ജനീവ: ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അനുശോചിച്ചു. സംഭവത്തെക്കുറിച്ച് പൂർണ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ഇസ്ലാമാബാദിലെ ചാവേർ ബോംബാക്രമണത്തെക്കുറിച്ചും ഗുട്ടറസ് ആരാഞ്ഞു.
അക്രമത്തെയും ഭീകരതയെയും സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചു. തീവ്രവാദത്തിന് നേതൃത്വം നൽകുന്ന എല്ലാവരെയും കണ്ടെത്തി തക്കതായ നടപടി സ്വീകരിക്കണം, പൂർണ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാവേർ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇന്ത്യൻ പിന്തുണയോടെ സജീവമായ ഗ്രൂപ്പുകൾ ആക്രമണത്തിൽ ഉൾപ്പെട്ടതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു. എന്നാൽ ഇവ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യത്തെക്കുറിച്ച് നന്നായി അറിയാമെന്നും പാകിസ്ഥാന്റെ തന്ത്രങ്ങളിൽ അവർ തെറ്റിദ്ധരിക്കപ്പെടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ കാറോടിച്ച ചാവേര്‍ ജമ്മു കശ്‌മീർ പുൽവാമ സ്വദേശി 34കാരനായ ഡോ. ഉമർ നബിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അപലപിച്ച് ലോകരാജ്യങ്ങൾ
ബീജിങ്: ഡൽഹിയിൽ കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചും ദുഃഖം അറിയിച്ചും ലോകരാജ്യങ്ങൾ. ചൈന, അമേരിക്ക, ശ്രീലങ്ക, മാലദ്വീപ്, ഇസ്ര യേൽ, അയർലൻഡ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ദുഃഖം രേഖപ്പെടുത്തി. സ്ഫോടനം ഞെട്ടിച്ചെന്നും പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെയെന്നും ചൈനയുടെ വിദേശ വക്താവ് ലിൻ ജിയാൻ പറഞ്ഞു. സ്ഥതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും യുഎസ് വി ദേശമന്ത്രാലയം അറിയിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു, നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി, ഇസ്രയേൽ വിദേശ മന്ത്രി ഗിദിയോൻ സാർ, അയർലൻഡ് ഉപപ്രധാനമന്ത്രി സിമോൺ ഹാരിസ് തുടങ്ങിയവരും സ്ഫോടനത്തെ അപലപിച്ചു. അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും സിംഗപ്പുർ, യുകെ ഹൈക്കമീഷനുകളും ചാവേർ ആക്രമണത്തെ അപലപിച്ചു. യുകെയും അമേരിക്കയും ഫ്രാൻസും ഇന്ത്യയിലുള്ള തങ്ങളുടെ പൗരൻമാർക്ക് ജാഗ്രതാ നിർദേശവും നൽകി.









0 comments