സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള ദൗത്യം: ക്രൂ 10 വിക്ഷേപണം ഇന്ന്

ഫ്ലോറിഡ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ദൗത്യം ഇന്ന് വീണ്ടും ആരംഭിക്കും. ഇവരെ തിരിച്ചെത്തിക്കാനുള്ള ക്രൂ 10 പേടകം ഇന്ന് വിക്ഷേപിക്കുമെന്നാണ് വിവരം. വെള്ളി പ്രാദേശിക സമയം 7.30ന് ( ഇന്ത്യൻ സമയം ശനി 4.30 am) വിക്ഷേപണം നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ നടക്കേണ്ടിയിരുന്ന ക്രൂ 10 വിക്ഷേപണം സാങ്കേതിക തകരാറുകളെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൻ 9 റോക്കറ്റിലാണ് വിക്ഷേപണം. ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ മാർച്ച് 20ഓടെ സുനിതയും വിൽമോറും മടക്കയാത്ര ആരംഭിക്കും. ഡ്രാഗൺ ക്രൂ പേടകത്തിൽ പുതുതായി നിലയത്തിൽ എത്തുന്ന നാല് പേർക്ക് ചുമതല കൈമാറിയ ശേഷമായിരിക്കും ഇത്. ആനി മക്‌ലിൻ, നിക്കോളാസ് അയേഴ്‌സ് (നാസ), ടക്കുയ ഒനിഷി (ജപ്പാൻ), കിറിൽ പെസ്കോവ് (റഷ്യ) എന്നിവരാണ് പുതുതായി നിലയത്തിലേക്ക് പോകുന്നത്.
സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും കഴിഞ്ഞ ജൂൺ 5നാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലായിരുന്നു യാത്ര. യാത്രയ്‌ക്കിടെ ആശങ്ക വിതച്ച് പേടകത്തിന് ഗുരുതര തകരാർ ഉണ്ടായെങ്കിലും 6ന് നിലയത്തിൽ എത്താനായി. തുടർന്ന് എട്ട് മാസത്തോളം ഇവർ ബഹിരാകാശനിലയത്തിൽ കുടുങ്ങുകയായിരുന്നു.
എട്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഇവർ എത്തിയിരുന്നത്. ബോയിങ് കമ്പനിയുടെ സ്റ്റാർ ലൈനർ പേടകത്തിന്റെ പരീക്ഷണ പറക്കലിലാണ് ഇരുവരും നിലയത്തിലേക്ക് പോയത്. സ്റ്റാർ ലൈനർ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ളതായിരുന്നു. ഇവർ നിലയത്തിൽ കുടുങ്ങിയതിനു പിന്നാലെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.









0 comments