പതിവ് തെറ്റിയില്ല, ഷിഫ്നയെത്തി

കൊല്ലം
പതിവ് തെറ്റിച്ചില്ല. അമ്മ ഷാഹിനയുടെ കൈപിടിച്ച് ഷിഫ്ന ഇത്തവണയും കലോത്സവത്തിനെത്തി. പങ്കെടുത്ത ഇനങ്ങളില്‍ രണ്ടെണ്ണത്തില്‍ സമ്മാനം ഉറപ്പിച്ചു. മാസ്റ്റര്‍ പീസ് ഇനം മിമിക്രിയില്‍ ഞായറാഴ്‌ച മത്സരിക്കും. കാഴ്ചപരിമിതിയുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് തിരുവനന്തപുരത്തെ ഷിഫ്ന മറിയം (25) ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല കലോത്സവത്തില്‍ തിളങ്ങുന്നത്. എട്ടാം ക്ലാസില്‍ തുടങ്ങിയതാണ് കലയോടുള്ള കൂട്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിലും കേരള സർവകലാശാല യൂണിയൻ കലോത്സവത്തിലും പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടി. നിലവിൽ ശ്രീനാരായണ ഓപ്പൺ സര്‍വകലാശാലയുടെ കീഴിൽ ബിരുദാനന്തര ബിരുദം മലയാളം ഒന്നാം വർഷ വിദ്യാർഥിനിയാണ്. പ്രതിസന്ധികൾ തരണംചെയ്താണ് ഷിഫ്നയുടെ ജീവിതം. ജനിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ പനി വന്നു. അതാണ് കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചത്. ഒന്നുമുതൽ ഏഴാം ക്ലാസ് വരെ വർക്കല ബ്ലൈൻഡ് സ്കൂളിലായിരുന്നു പഠനം. എട്ടുമുതൽ സാധാരണ കുട്ടികൾക്കൊപ്പം പഠിക്കാൻ തുടങ്ങി. റീലുകളിലുടെയും യുട്യൂബിലൂടെയും ആനുകാലിക സംഭവങ്ങളും സിനിമാതാരങ്ങളുടെയും ശബ്ദങ്ങൾ കേട്ട് പഠിച്ചു. മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലെ കാവ്യാലാപനം മത്സരത്തില്‍ പങ്കെടുക്കാൻ പരിശീലനം നേടിയതും ഇതേ രീതിയിലാണ്. ശനിയാഴ്ച നടന്ന കാവ്യാലാപനം (ഇംഗ്ലീഷ്) മത്സരത്തിൽ രണ്ടും സംസ്കൃതത്തില്‍ മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം വികാസ് ഭവനിലെ എൻജിഒ ക്വാർട്ടേഴ്സ് ഇ2ബി ബ്ലോക്കിലാണ് താമസം. എസ്എടി ജീവനക്കാരിയായ അമ്മ ഷാഹിനയും ഭർത്താവ് രാഹുൽ കൃഷ്ണനും പിന്തുണയുമായി ഒപ്പമുണ്ട്. ഷിഫ്നയ്ക്ക് സിവിൽ സർവീസ് മോഹവുമുണ്ട്. ‘എനിക്ക് കണ്ണുണ്ട്, കാഴ്ചയില്ല' എന്ന പേരിൽ ഒരു കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.









0 comments