ഏലാകളുടെ ഹൃദയഭൂവിൽ ജീവന്റെ തുടിപ്പ്

കൊല്കം
കരീപ്രയിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ ഭൂരിഭാഗവും മരതകപ്പട്ടുടുത്ത വെള്ളത്താൽ സന്പന്നം, കടുത്ത വേനലിലും വറ്റാത്ത ഉറവ. കരീപ്ര, വെളിയം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഉളകോട്, കുടവട്ടൂർ ക്വാറിക്കുളങ്ങൾ ഒന്നുചേർന്നുള്ള മനോഹര കുളിർകാഴ്‌ച. വേനൽ കടുക്കുന്നതോടെ പ്രദേശം വരൾച്ചയുടെ പിടിയിലമരുന്ന നെഞ്ചുനീറ്റുന്ന കാഴ്‌ചയെ തുടർന്നാണ് ക്വാറിയിൽ കെട്ടിക്കിടക്കുന്ന ജലം ഏലായിലേക്ക് വഴിതിരിച്ച് വിടാനുള്ള നൂതന പദ്ധതിയെക്കുറിച്ചുള്ള ആലോചനയുമായി ഹരിതകേരളം മിഷൻ രംഗത്തുവരുന്നത്. റവന്യു വകുപ്പിന്റെ അധീനതയിലുള്ള മനോഹാരിത മേലാപ്പ് പുതച്ചുകിടന്നിരുന്ന ഉളകോട് പാറക്കുളം പദ്ധതിക്കായി തെരഞ്ഞെടുത്തു. 20 ഏക്കർ വിസ്തീർണമുള്ള ക്വാറിയിൽ 100 അടിയിലധികമാണ് ജലശേഖരം. സൗരോർജം ഉപയോഗിച്ച് ക്വാറിയിലെ ജലാശയത്തിൽനിന്ന് വെള്ളം പന്പ് ചെയ്‌ത് ചെറുചാലുകളിലൂടെ ഏലാകളിലേക്ക് ഒഴുക്കിയാൽ സുന്ദരമായ കൃഷിയിടമാക്കാനാകുമെന്ന മിഷന്റെ ദീർഘവീക്ഷണം ‘ഹരിതതീർഥത്തിലൂ’ടെ കരീപ്രയ്‌ക്ക് പുതുജീവനേകുന്നു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് സ്ഥലം എംഎൽഎയും ധനമന്ത്രിയുമായ കെ എൻ ബാലഗോപാലിന്റെ ഇടപെടൽ കൂടിയായതോടെ ഗതിവേഗവുമായി. അങ്ങനെ മിഷന്റെ ഏകോപനത്തിൽ അനർട്ടിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആദ്യമായി കൊട്ടാരക്കര മണ്ഡലത്തിലെ കരീപ്രയിൽ പദ്ധതി യാഥാർഥ്യമായി. കരീപ്ര പഞ്ചായത്തിനൊപ്പം തൊഴിലുറപ്പു പദ്ധതിവഴി കൃഷിവകുപ്പും ചെറുകിട ജലസേചന വകുപ്പും കൈകോർത്തു. ക്വാറിക്ക് സമീപം 335 കിലോവാട്ടിന്റെ 30 സോളാർ പാനൽ സ്ഥാപിച്ച് പന്പിങ് തുടങ്ങിയതോടെ നീർച്ചാലുകളിലൂടെ വെള്ളം കൊലുസണിഞ്ഞ് ഒഴുകി. ജലക്ഷാമം രൂക്ഷമായ കരീപ്രയ്ക്ക് ആശ്വാസമേകുന്ന പദ്ധതി സാക്ഷാൽക്കരിച്ചത് പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് ഏഴുലക്ഷം രൂപ വിനിയോഗിച്ചാണ്. അനർട്ടിന്റെ സബ്സിഡിയും ലഭ്യമായി. 2023 ഒക്ടോബറിൽ ആരംഭിച്ച പദ്ധതിയിലൂടെ പ്രതിദിനം ഒരുലക്ഷം ലിറ്ററാണ് വയലേലകളെ ഹരിതാഭമാക്കാൻ ഒഴുകുന്നത്. സോളാറിൽ പ്രവർത്തിക്കുന്ന 10 എച്ച്പിയുടെ പമ്പ് ഉപയോഗിച്ചാണ് ജലസേചനം. ശരാശരി 45– -50 യൂണിറ്റ് വൈദ്യുതിയും സൗരോർജ പാനലുകൾ ഉൽപ്പാദിപ്പിക്കുന്നു. ദിവസവും മൂന്നുമണിക്കൂറാണ് പമ്പിങ്. ഇങ്ങനെ പാറക്കുളത്തിൽനിന്ന് ഹരിതതീർഥം ഇടത്തോടുകളിലേക്ക് ഒഴുക്കിയതോടെ പഞ്ചായത്തിലെ ഉളകോട്, വാക്കനാട്, നെടുമൺകാവ്, കുടിക്കോട്, ഏറ്റുവായിക്കോട്, ഇലയം വാർഡുകളിലെ 125 ഹെക്ടർ കൃഷിയിടമാണ് വേനൽക്കാലത്തും ജലസമൃദ്ധമായത്. ഒപ്പം പ്രദേശത്തെ കിണറുകൾക്കും ഏകുന്നു ജീവവായുവും. സൗരോർജനിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ അധികമുള്ളത് വൈദ്യുതി ബോർഡിലേക്ക് കൈമാറി പഞ്ചായത്തിന് അധിക വരുമാനവും ഉറപ്പാക്കുന്നതാണ് പദ്ധതി. കർഷകർക്ക് പകരുന്നത് ആത്മവിശ്വാസം.(അതേക്കുറിച്ച് നാളെ )









0 comments