യുഎസ് നാടുകടത്തുന്ന ഇന്ത്യക്കാരടക്കമുള്ളവർക്ക് ഷെൽട്ടർ ഒരുക്കാമെന്ന് കോസ്റ്റ റീക്ക

സാൻ ഹോസെ : അമേരിക്ക നാടുകടത്തുന്ന, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കായി താൽക്കാലിക ഷെൽട്ടർ ഒരുക്കാൻ തയാറാണെന്ന് കോസ്റ്ററീക്ക. അമേരിക്ക പുറത്താക്കുന്ന എല്ലാ കുടിയേറ്റക്കാരെയും സ്വീകരിക്കുമെന്ന് കോസ്റ്ററീക്ക ഔദ്യോഗികമായി അറിയിച്ചു. ആദ്യഘട്ടമായി 200 പേരടങ്ങുന്ന വിമാനം ബുധനാഴ്ച രാജ്യത്തെ ജുവാൻ സാന്റാമരിയ രാജാന്തര വിമാനത്താവളത്തിലെത്തും. ഇന്തക്കാർ അടക്കമുള്ളവരെയാണ് ആദ്യം എത്തിക്കുന്നതെന്നും കോസ്റ്റ റീക്കൻ പ്രസിഡന്റ് ഓഫീസിൽ നിന്നും അറിയിച്ചു.
സൈനിക വിമാനത്തിലല്ല, യാത്രാ വിമാനത്തിലാണ് ഇവരെ എത്തിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവരെ പാനമ അതിർത്തിയിലുള്ള മൈഗ്രന്റ് കെയർ സെന്ററിൽ താമസിപ്പിക്കുമെന്നും തുടർന്ന് അതാത് രാജ്യങ്ങളിലേക്ക് യാത്രയ്ക്കുള്ള സൗകര്യമൊരുക്കുമെന്നും കോസ്റ്റ റീക്ക അറിയിച്ചു.
അമേരിക്കയുമായുള്ള ധാരണപ്രകാരമാണ് കുടിയേറ്റക്കാരെ കോസ്റ്റ റീക്കയിലേക്ക് എത്തിക്കുന്നത്. ഇതിനുള്ള മുഴുവൻ ചെലവുകളും വഹിക്കുന്നത് അമേരിക്കൻ സർക്കാരാണെന്നും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ (IOM) മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുകയെന്നും കോസ്റ്റ റീക്ക വ്യക്തമാക്കി.









0 comments