തദ്ദേശീയരുടെ പങ്കാളിത്തമെവിടെ ?

യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷം

cop30
വെബ് ഡെസ്ക്

Published on Nov 12, 2025, 12:34 PM | 2 min read

ബ്രസീലിലെ ബെലേമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ (COP30) ഉച്ചകോടിയിൽ സംഘർഷം. തദ്ദേശീയരായ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റമുട്ടി. പ്രധാന വേദിയിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റതായി യുഎൻ വ്യക്തമാക്കി.


ബ്രസീലിയൻ പൊലീസും യുഎൻ സുരക്ഷാസേനയും ചേർന്ന് സ്ഥിതി നിയന്ത്രണത്തിലാക്കി.


മഞ്ഞ വേഷം ധരിച്ച യുവാക്കളും ആദിവാസി വേഷത്തിലെത്തിയ പ്രതിഷേധകരുമാണ് മുദ്രാവാക്യം വിളിച്ച് വേദിയിലേക്ക് എത്തിയത്.


“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെന്ത്” എന്ന മുദ്രാവാക്യം മുഴക്കി. ഉച്ചകോടിയിൽ ആദിവാസി ജനസമൂഹങ്ങളുടെ പങ്കാളിത്തം കുറവാണെന്ന് ചൂണ്ടികാട്ടി. തുടക്കത്തിൽ പാട്ടും നൃത്തവുമായായിരുന്നു വേദിക്ക് പുറത്ത് പ്രതിഷേധം. ഞങ്ങളുടെ പങ്കാളിത്തമെവിടെയെന്ന് അവർ വിളിച്ച് ചോദിച്ചു. സുരക്ഷാ ജീവനക്കാർ വാതിലുകൾ അടച്ചതോടെ സംഘർഷമായി.


സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ പ്ലാസ്റ്റിക് ബിന്നുകൾ ഉപയോഗിച്ച് പരസ്പരം അടിപിടിയിലേർപ്പെട്ടതായി സാക്ഷികൾ പറഞ്ഞു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് തലക്ക് പരിക്കേറ്റു.


cop30


ലോബിയിസ്റ്റ് ഗ്രൂപ്പുകൾക്കെതിരെ


സമീപകാല കാലാവസ്ഥാ സമ്മേളനങ്ങളിൽ ലോബിയിസ്റ്റ് ഗ്രൂപ്പുകൾക്കെതിരെ പ്രതിഷേധം നിലനിന്നിരുന്നു. തദ്ദേശീയ ഗ്രൂപ്പുകളും എൻ‌ജി‌ഒകളും വേദിക്കകത്തും പുറത്തും ലോബിയിസ്റ്റുകൾക്കെതിരെ സാന്നിധ്യം ശക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.


കാർഷിക കുത്തക വ്യവസായം, സമ്പന്ന രാഷ്ട്രങ്ങളുടെ എണ്ണ പര്യവേക്ഷണം, അനധികൃത ഖനനങ്ങൾ, അനധികൃത മരംമുറിക്കാർ എന്നിവരിൽ നിന്ന് ഞങ്ങളുടെ ഭൂമിയെ മുക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” എന്ന് പ്രതിഷേധകർ പറഞ്ഞു.


ആമസോൺ നദിയിലൂടെ 3,000 കിലോമീറ്റർ (1,864 മൈൽ) സഞ്ചരിച്ച് ഉച്ചകോടിയിലെത്തിയ യാകു മാമ പ്രതിഷേധ ഫ്ലോട്ടില്ല ലോക ശ്രദ്ധ നേടി. തദ്ദേശീയ ജനത തങ്ങൾക്കുവേണ്ടി മാത്രമല്ല, മനുഷ്യരാശിക്കുവേണ്ടിയും പ്രകൃതിയെ സുരക്ഷിതമാക്കുകയാണ് ആവശ്യമെന്ന് സംഘാടകരിൽ ഒരാളായ ലിയോ സെർഡ പ്രഖ്യാപിച്ചു.





COP30 നടക്കുമ്പോൾ തന്നെ ബ്രസീലിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പെട്രോബ്രാസിന് ആമസോൺ നദിയുടെ അഴിമുഖത്തിന് സമീപം ഓഫ്‌ഷോർ എണ്ണ ഖനനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നൽകിയത് പ്രവർത്തകർ ചൂണ്ടികാട്ടി.


ചൊവ്വാഴ്ച, ഒരു ഫെമിനിസ്റ്റ് കൂട്ടായ്മയും, പലസ്തീൻ അനുകൂല പ്രവർത്തകരും, ഒരു ആരോഗ്യ-പരിസ്ഥിതി ഗ്രൂപ്പും പ്രതിഷേധമറിയിച്ചിരുന്നു.


ആഗോള താപനില വർദ്ധനവ് 1.5°C ആയി പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ, പുതിയ ദേശീയ പ്രവർത്തന പദ്ധതികളുടെ (NDC) അവതരണം, COP29-ൽ നടത്തിയ സാമ്പത്തിക പ്രതിജ്ഞകളിലെ പുരോഗതി എന്നിവയിലാണ് മുപ്പതാമത് സിഒപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നവംബർ 6 മുതൽ 21 വരെയാണ് ബ്രസീലിലെ ബെലെമിൽ ഉച്ചകോടി നടക്കുന്നത്. 



deshabhimani section

Related News

View More
0 comments
Sort by

Home