കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിച്ച് ലണ്ടനിൽ വൻ റാലി, അക്രമം

london 25
വെബ് ഡെസ്ക്

Published on Sep 14, 2025, 12:56 PM | 1 min read

ലണ്ടൻ: അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണിലും കുടിയേറ്റ വിരുദ്ധ വികാരവും വിഭാഗീയതയും കത്തിച്ച് യുവാക്കളെ വലയിലാക്കി തീവ്ര വലതുപക്ഷ സംഘങ്ങൾ. ലണ്ടനിൽ വംശീയത പ്രചാരണത്തിന് നേതൃത്വം നൽകുന്ന ടോമി റോബിൻസൺ സംഘടിപ്പിച്ച റാലി സംഘർഷഭരിതമായി.


"യുണൈറ്റ് ദി കിങ്ഡം" എന്ന പേരിൽ പതിനായിരക്കണക്കിന് യുവാക്കളെ അണിനിരത്തി. റാലിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷങ്ങളിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരെ മോശം മുദ്രാവാക്യങ്ങൾ മുഴക്കി.


ഈ റാലിക്ക് ബദലായി സ്റ്റാൻഡ് അപ്പ് ടു റേസിസം എന്ന സംഘടന ഫാസിസത്തിനെതിരായ മാർച്ച് സംഘടിപ്പിച്ചു. അഭയാർത്ഥികളെ സ്വാഗതം ചെയ്തും തീവ്ര വലതുപക്ഷത്തിന്റെ വിഭാഗീയതാ പ്രചാരണത്തിൽ വീഴരുത് എന്ന് ആവശ്യപ്പെട്ടും മാർച്ച് നടത്തി. ഇരു സംഘങ്ങളും നേർക്ക് നേർ എത്തിയ വൈറ്റ്ഹാളിൽ സ്റ്റാൻഡ് അപ്പ് ടു റേസിസം പ്രവർത്തകരെ തീവ്ര വലതുപക്ഷ സംഘങ്ങൾ ആക്രമിച്ചു. ഇതോടെ ലണ്ടൻ നഗരം സംഘർഷത്തിലായി.



ടോമി റോബിൻസൺ സംഘടിപ്പിച്ച കുടിയേറ്റ വിരുദ്ധ റാലിയിൽ പ്രതിഷേധക്കാർ പോലീസിനുനേരെ കുപ്പികൾ എറിയുകയും മർദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.


ദേശീയവാദിയും ഇതര മത വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപകൻ യാക്സ്ലി-ലെനോൺ എന്ന റോബിൻസൺ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ നേതാക്കളിൽ ഒരാളാണ്. കുടിയേറ്റക്കാർക്ക് ഇപ്പോൾ ബ്രിട്ടീഷ് പൊതുജനങ്ങളെക്കാൾ കൂടുതൽ അവകാശങ്ങളുണ്ടെന്നും, ഈ രാജ്യം പടുത്തുയർത്തിയ ജനങ്ങളേക്കാൾ അവർക്കാണ് മുൻഗണനയെന്നും പ്രചരിപ്പിച്ചാണ് യുവാക്കളെ സംഘടിപ്പിച്ചത്.


യൂറോപ്യൻ ജനതയുടെ വലിയൊരു വിഭാഗം തെക്കൻ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകളാൽ മാറ്റിസ്ഥാപിക്കപ്പെടുകയാണെന്ന് തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മോർ ആരോപിച്ചു.


അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ യുവ വോട്ട് ബാങ്ക് ചലിപ്പിച്ച തീവ്ര വലതുപക്ഷ നേതാവ് ചാർളി കിർക്ക് കഴിഞ്ഞ ദിവസം യൂട്ടാ സർവ്വകലാശാ ക്യാമ്പസിൽ വെടിയേറ്റ് മരിച്ചിരുന്നു. വർണ്ണ വെറി വരെ പ്രചരിപ്പിച്ച കിർക്കിന്റെ മരണത്തിൽ ട്രംപ് ഭരണകൂടം ദേശീയ പതാക താഴ്ത്തിക്കെട്ടിയാണ് ദുഖം ആചരിച്ചത്.

Related News


deshabhimani section

Related News

View More
0 comments
Sort by

Home