ചൈനീസ് ഗായകനും നടനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

ബീജിങ്ങ്: ജനപ്രിയ ചൈനീസ് ഗായകനും നടനുമായ അലൻ യു മെങ്‌ലോംഗ് (37) കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. മരണം അലന്റെ ടീം വെയ്ബോയിലൂടെ സ്ഥിരീകരിച്ചു.
സെപ്റ്റംബർ 10 ന് രാത്രി ബീജിംഗിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ അത്താഴത്തിന് പോയതായിരുന്നു. സെപ്റ്റംബർ 11 ന് പുലർച്ചെ ഏകദേശം 2:00 മണിയോടെ എല്ലാവരും ഉറങ്ങാൻ കിടന്നു. മെൻലോങ്ങും മുറിയിൽ കയറി വാതിൽ പൂട്ടി. രാവിലെ 6:00 മണിക്ക്, സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ കണ്ടില്ല. പിന്നീട്, അദ്ദേഹത്തിന്റെ മൃതദേഹം തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി എന്നാണ് മൊഴി. താമസിച്ചിരുന്ന മുറിയുടെ അഞ്ചാം നിലയിലെ ജനൽ തകർന്നിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
'മൈ ഷോ, മൈ സ്റ്റൈൽ' എന്ന ടാലന്റ് റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് യു മെങ്‌ലോംഗ് കരിയർ തുടങ്ങിയത്. 2007-ൽ ആയിരുന്നു തുടക്കം. 2011-ൽ 'ദി ലിറ്റിൽ പ്രിൻസ്' എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തും എത്തി.

'ദി എറ്റേണൽ ലവ്', 'ദി ലെജൻഡ് ഓഫ് വൈറ്റ് സ്നേക്ക്' തുടങ്ങിയ ജനപ്രിയ സിഡി നാടകങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ യു മെങ്‌ലോങ് (യു മെങ് ലോങ്) സ്‌ക്രീനിലും സംഗീത രംഗത്തും ഒരുപോലെ ഹൃദയങ്ങൾ കീഴടക്കിയിരുന്നു.
'ഗോ പ്രിൻസസ് ഗോ', 'ലവ് ഗെയിം ഇൻ ഈസ്റ്റേൺ ഫാന്റസി', 'ഫ്യൂഡ്' എന്നിവയുൾപ്പെടെ നിരവധി ചൈനീസ് പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സംഗീത വീഡിയോകളും സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
'ദി മൂൺ ബ്രൈറ്റൻസ് ഫോർ യു' എന്ന ചിത്രത്തിലെ 'ലിൻ ഫാംഗ്' എന്ന കഥാപാത്രത്തിലൂടെ ജനപ്രിയ സാന്നിധ്യമായി.









0 comments