മൂന്ന് യാത്രികരുമായി ചൈന വീണ്ടും ബഹിരാകാശത്തേക്ക്

photo credit: X
ബീജിങ്: മൂന്ന് യാത്രികരെകൂടി ബഹിരാകാശത്തേക്ക് അയച്ച് ചൈന. ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള ഷെൻഷോ-20 ക്രൂഡ് ബഹിരാകാശ പേടകം വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് വ്യാഴം വൈകുന്നേരം 5:17 ന് (ബീജിംഗ് സമയം) വിക്ഷേപിച്ചതായി സ്റ്റേറ്റ് ടെലിവിഷൻ സിജിടിഎൻ സംപ്രേഷണം ചെയ്തു.
ചെൻ ഡോങ്, ചെൻ സോങ്‌രുയി, വാങ് ജി എന്നീ മൂന്ന് ബഹിരാകാശയാത്രികരെയാണ് ചൈന അയച്ചിരിക്കുന്നത്. മനുഷ്യരെ അയച്ചുള്ള ചൈനയുടെ ബഹിരാകാശ പദ്ധതിയുടെ 35-ാമത്തെ പറക്കൽ ദൗത്യമാണ് ഷെൻഷോ-20. ഈ വർഷം ഒക്ടോബർ അവസാനത്തോടെ വടക്കൻ ചൈനയിലെ ഡോങ്‌ഫെങ് ലാൻഡിങ്ങ് സൈറ്റിലേക്ക് ക്രൂ മടങ്ങും.
ബഹിരാകാശ നിലയം സ്വന്തമായി നിർമിക്കുന്ന ഏകരാജ്യമാണ് ചൈന.2030-ഓടെ ചന്ദ്രനില്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയെന്നാണ് ചൈനയുടെ ലക്ഷ്യം. 2035-ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ 'ബേസിക് സ്‌റ്റേഷനും' 2045-ല്‍ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിര്‍മിക്കാനും പദ്ധതിയുണ്ട്. 2020-ല്‍ ചൈനയുടെ ചാങ് ഇ-5 ബഹിരാകാശപേടകം ചന്ദ്രോപരിതലത്തില്‍ ദേശീയ പതാക നാട്ടിയിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കുംശേഷം ചന്ദ്രനില്‍ കൊടിനാട്ടുന്ന ആദ്യരാജ്യം എന്ന നേട്ടവും ചൈന സ്വന്തമാക്കിയിരുന്നു. ഭൂമിയില്‍നിന്ന് നേരിട്ട് കാണാത്ത ചന്ദ്രന്റെ മറുപുറത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനുള്ള 'ചാങ് ഇ-6' ദൗത്യവും ചൈന 2024-ല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.









0 comments