‘സ്റ്റുഡിയോ ഗിബ്ലി’യിലൂടെ ചാറ്റ് ജിപിടി ഉയർത്തുന്ന പ്രശ്നങ്ങൾ

ചാറ്റ് ജിപിടിയിലൂടെ നിർമിച്ചെടുത്ത ദീപിക പദുക്കോൻ, ഷാരൂഖ് ഖാൻ എന്നിവരുടെ ‘സ്റ്റുഡിയോ ഗിബ്ലി’ ചിത്രം
‘സ്റ്റുഡിയോ ഗിബ്ലി’ ചിത്രങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് ഇപ്പോൾ ലോകം. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി 4ഒ യിലൂടെ നിർമിക്കുന്ന ഗിബ്ലി ചിത്രങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയ മുഴുവനും. എന്നാൽ ചാറ്റ് ജിപിടി ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ഗിബ്ലി ചിത്രങ്ങൾക്ക് പിന്നിൽ ഒരപകടം പതിയിരിക്കുന്നുണ്ടോ. ഒരു കലാകാരന്റെ സൃഷ്‌ടിയെ അപഹരിക്കുന്ന അപകടം.
എഐ സാങ്കേതിക വിദ്യയെ വളരെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. അപ്പോഴും എഐ എന്ന ആശയം രൂപപ്പെട്ട നാൾ മുതൽ അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും ലോകം വിലയിരുത്തിയിരുന്നു. അങ്ങനെ വിലയിരുത്തപ്പെട്ട പ്രശ്‌നങ്ങളുടെ ഒരുദാഹരണമാണ് ചാറ്റ് ജിപിടിയിലൂടെയുള്ള ഗിബ്ലി ചിത്രങ്ങളുടെ നിർമാണം. ഗ്രോക്ക് ഉൾപ്പെടെയുള്ള മറ്റ് എഐ ചാറ്റ് ബോട്ടുകളും ‘ഗിബ്ലി’ ചിത്രങ്ങൾ നിർമിക്കുന്നുണ്ട്.
മനോഹരമായ ആനിമേറ്റഡ് ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തമായ ഒരു ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയാണ് സ്റ്റുഡിയോ ഗിബ്ലി. 1985-ൽ പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കളായ ഹയാവോ മിയാസാക്കി, ഇസാവോ തകഹാറ്റ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ സ്റ്റുഡിയോ നിരവധി അനിമേഷൻ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സ്പിരിട്ടഡ് എവേ, മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്, ദി വിന്റ് റൈസസ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഈ സിനിമകൾക്കായി മിയാസാക്കി വരച്ച ചിത്രങ്ങളാണ് ഇപ്പോൾ ചാറ്റ് ജിപിടിയിലൂടെ ലോകം മുഴുവൻ നിർമിച്ചെടുക്കുന്നത്.
സ്റ്റുഡിയോ ഗിബ്ലി ചിത്രങ്ങൾ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിലൂടെ ഉരുത്തിരിയുന്ന പ്രധാന പ്രശ്‌നം പകർപ്പാവകാശ ലംഘനമാണ്. ഓപ്പൺ എഐ പൊലുള്ള കമ്പനികൾ ഇത്തരത്തിലൂടെയുള്ള കണ്ടുപിടിത്തങ്ങളിലൂടെ കലാകാരൻമാരുടെ ജീവിതത്തിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായുള്ള അഭിപ്രായവും ‘ഗിബ്ലി’ ട്രെൻഡായതോടെ സജീവമായിട്ടുണ്ട്. ഗിബ്ലി ചിത്രങ്ങൾ ചാറ്റ് ജിപിടിയിലൂടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ‘ജീവിതത്തിന് അപമാനം’ എന്ന് സ്റ്റുഡിയോയുടെ സഹസ്ഥാപകനായ ഹയാവോ മിയാസാക്കി അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
പകർപ്പാവകാശം സംബന്ധിച്ച ചോദ്യങ്ങളോട് ഇതുവരെ പ്രതികരിക്കാൻ ചാറ്റ് ജിപിടി തയ്യാറായിട്ടില്ല. പകർപ്പവാകാശം സംബന്ധിച്ച കേസുകൾ നിലനിൽക്കുന്ന സമയത്തും ചാറ്റ് ജിപിടി സിഇഒ സാം ആൾട്ട്‌മാൻ ‘ഗിബ്ലി’ മാതൃകയിൽ ചിത്രമുണ്ടാക്കി എക്‌സിൽ പോസ്റ്റ് ചെയ്തു.









0 comments