ചെങ്കടലിൽ കപ്പലിനുനേരെ ആക്രമണം

അനസ് യാസിന്‍
Published on Jul 07, 2025, 12:28 AM | 1 min read
മനാമ
ഇസ്രയേലിലേക്ക് പോയ കാർഗോ കപ്പലിനുനേരെ ചെങ്കടലിൽ യമൻ തീരത്തിന് സമീപം ആക്രമണം. റോക്കറ്റ് ഉപയോഗിച്ചുള്ള ഗ്രനേഡ് ആക്രമണമാണ് ഉണ്ടായതെന്നും ഹൂതി വിമതരാണ് പിന്നിലെന്നും ബ്രിട്ടണിലെ മാരിടൈം ഓപ്പറേഷൻസ് സെന്റർ ആരോപിച്ചു. ഹൂതികൾ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം, ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താളവത്തെ ലക്ഷ്യമിട്ട് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് മിസൈൽ ആക്രമണം ഉണ്ടായത്.
ഇസ്രയേലിൽ പതിനായിരങ്ങൾ ബങ്കറുകളിലും ഷെൽട്ടറുകളിലും അഭയം തേടി. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളം അടച്ചിട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇറാനിലെ പ്രസ്ടിവി റിപ്പോർട്ട് ചെയ്തു. ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുംവരെ ഇസ്രയേലിനെ ആക്രമിക്കുന്നത് തുടരുമെന്നും ഹൂതികൾ ആവർത്തിച്ചു. മിസൈൽ തടഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ഒരാഴ്ചക്കിടെ ബെൻഗുരിയോൺ ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.









0 comments