പലസ്‌തീൻ സ്വപ്നത്തിന് ലോകത്തിന്റെ ചുംബനം

യുഎൻ പൊതുസഭയിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെത്രോയെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിക്കുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ
ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര പൊതുസഭയിൽ പലസ്‌തീനിലെ ഇസ്രയേൽ വംശഹത്യയെ തുറന്നുകാട്ടിയ ഉജ്വല പ്രസംഗത്തിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെത്രോയെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. മരിച്ചുവീഴുമ്പൊഴും പൊരുതുന്ന പലസ്‌തീനുള്ള ഐക്യദാർഢ്യം ലോകരാഷ്‌ട്രങ്ങളുടെ സംഗമവേദിയിൽ അറിയിച്ച ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളുടെ ചിത്രം ലോകം ഏറ്റെടുത്തു. ഇസ്രയേലിന്റെ ക്രൂരതകൾ അക്കമിട്ട് വിവരിച്ച പെത്രോയുടെ ഗംഭീര പ്രസംഗത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലെത്തി ലുല സ്‌നേഹത്തോടെ നെറുകയിൽ ചുംബിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇൗ ചിത്രം സമൂഹമാധ്യമങ്ങളിൽ ലോകമാകെ വൈറലായി.
പലസ്തീനെ വിമോചിപ്പിക്കാൻ ഏഷ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സൈനിക കൂട്ടായ്മ രൂപീകരിക്കണമെന്ന് ഗുസ്താവോ പെത്രോ യുഎന്നിലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഇസ്രയേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ തടയണമെന്നും പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റാണ് ഗുസ്‌താവോ പെത്രോ. 212 വർഷത്തെ വലതുപക്ഷ സർക്കാരുകളുടെ ഭരണത്തിന് അവസാനംകുറിച്ചാണ് 2022ൽ ഇടതുപക്ഷ സഖ്യം കെളംബിയയിൽ അധികാരത്തിലേറിയത്. ബ്രസീലിൽ തീവ്രവലതുനേതാവായ ജെയ്‌ർ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ നേതാവായ ലുല ഡ സിൽവ വീണ്ടും അധികാരത്തിലെത്തിയത്.
കഴിഞ്ഞദിവസം യുഎൻ പൊതുസഭയിൽ ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രസംഗം കൂക്കിവിളികളോടെ ബഹുഭൂരിപക്ഷം അംഗങ്ങളും ബഹിഷ്‌കരിച്ചപ്പോഴാണ് പലസ്‌തീനുവേണ്ടിയുള്ള ശബ്ദത്തിന് വലിയ അംഗീകാരം ലഭിക്കുന്നത്. ഗാസയിൽ ലക്ഷ്യം നേടുംവരെ സൈനിക നടപടി തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. അമേരിക്കയുടെ നിരുപാധിക പിന്തുണയും ഇതിനുണ്ട്. എന്നാൽ, ഐക്യരാഷ്‌ട്രവേദിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഉൾപ്പെടെ പിന്തുണ സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. ലാറ്റിനമേരിക്കൻ ഇടതുപക്ഷ നേതൃത്വം പലസ്‌തീൻ സ്വപ്‌നത്തിന് ആവേശകരമായി വെളിച്ചം പകരുകയാണ്.









0 comments