ഖൈബർ പഖ്‌തുൺഖ്വയിൽ ആക്രമണം നടത്തി പാക് സൈന്യം ; 30 പേർ കൊല്ലപ്പെട്ടു

പെഷാവർ
സ്വന്തം രാജ്യത്ത് ബോംബാക്രമണം നടത്തി പാകിസ്ഥാൻ സൈന്യം. ഖൈബർ പഖ്‌തുൺഖ്വയിൽ തിങ്കൾ പുലർച്ചെ രണ്ടോടെ നടത്തിയ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 30 പേർ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാൻ അതിർത്തിയിലെ ഖൈബർ ജില്ലയിലെ തിരാ താഴ്‌വരയിൽ മാതുർ ദരാ മേഖലയിലാണ് പാക് സൈന്യം എട്ടുവട്ടം ബോംബിട്ടത്. പാക് താലിബാൻ എന്നറിയപ്പെടുന്ന ഭീകരസംഘടന തെഹ്‌രീകെ താലിബാൻ പാകിസ്ഥാന്റെ (ടിടിപി) കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.ജെ എഫ് 17 യുദ്ധവിമാനങ്ങളിൽനിന്ന് ഉപയോഗിക്കുന്ന എൽഎസ്6 ബോംബുകളാണ് ജനവാസകേന്ദ്രങ്ങളിൽ പതിച്ചത്. 14 ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഭീകരർ സാധാരണക്കാരെ കവചമാക്കുകയാണെന്ന് പാക് സൈന്യം ആരോപിച്ചു.
വ്യോമാക്രമണത്തിലൂടെ സൈന്യം സ്വന്തം ജനങ്ങളെ കൊലപ്പെടുത്തിയതായി ഇമ്രാൻ ഖാന്റെ തെഹ്‌രീക് ഇ ഇൻസാഫ് ആരോപിച്ചു. അടിയന്തര അന്വേഷണം നടത്തണമെന്ന് രാജ്യത്തെ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. ഭീകരരുടെ സജീവ സാന്നിധ്യമുള്ള മേഖലയാണ് ഖൈബർ പഖ്‌തുൺഖ്വ. ഇൗവർഷം ആഗസ്തുവരെ ഇവിടെ 605 ഭീകരാക്രമണങ്ങളിലായി ഇരുന്നൂറിൽപ്പരം പേർ കൊല്ലപ്പെട്ടു. സ്വർണ, ചെന്പ്, അപൂർവ ധാതു ഖനികൾക്കും പ്രസിദ്ധമാണ് ഇവിടം. പ്രദേശത്ത് ഖനനം നടത്താൻ അമേരിക്ക താൽപ്പര്യം അറിയിച്ചിരുന്നു.









0 comments