നൈജീരിയയിൽ കൂട്ടക്കുരുതി: നൂറോളം പേർ കൊല്ലപ്പെട്ടു

അബുജ : വടക്കൻ നൈജീരിയയിലുണ്ടായ വെടിവയ്പിൽ 100 പേർ കൊല്ലപ്പെട്ടതായി വിവരം. ബെനു സംസ്ഥാനത്തെ യെൽവാട്ട പട്ടണത്തിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. വെള്ളി വൈകിട്ടു മുതൽ ശനിപുലർച്ചെ വരെ ആക്രമണം നീണ്ടതായി ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കുന്നു. നിരവധി ആളുകളെ കാണാനില്ലെന്നും ഡസൻ കണക്കിന് ജനങ്ങൾക്ക് പരിക്കേറ്റെന്നും ആംനസ്റ്റി ഇന്റർനാഷണൽ എക്സിൽ പോസ്റ്റ് ചെയ്തു. ഭൂരിഭാഗം പേർക്കും മതിയായ വൈദ്യസഹായം ലഭിക്കുന്നില്ല. നിരവധി കുടുംബങ്ങളെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. തിരിച്ചറിയാൻ പറ്റാത്ത വിധം പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.
വീടുകൾ കത്തി നശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ബെനുവിലെ പൊലീസ് വക്താവ് ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര പേർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നൈജിരിയയിൽ ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാണെന്നും സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ബെനുവിലെ ഗ്വെർ വെസ്റ്റ് ഏരിയയിലുണ്ടായ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലിൽ അയൽസംസ്ഥാനമായ പ്ലേറ്റ്യൂവിൽ സമാന ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഭൂരിഭാഗവും കർഷകരാണെന്നും ആംനസ്റ്റി വ്യക്തമാക്കുന്നു.









0 comments