സംയുക്ത നീക്കത്തിന് ആഹ്വാനംചെയ്‌ത്‌ അറബ് ഉച്ചകോടി; ഇസ്രയേലിന്‌ താക്കീത്‌

GAZA

ഇസ്രയേൽ ആക്രമണത്തിൽ ഗാസ നഗരത്തിലെ ഗഫാരി ടവർ തകർന്നപ്പോൾ (വാർത്ത പേജ് 07)

avatar
അനസ് യാസിൻ

Published on Sep 16, 2025, 03:27 AM | 1 min read

​ദോഹ: ഇസ്രയേലിന്റെ കടന്നാക്രമണത്തെയും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനത്തെയും ചെറുക്കാൻ യോജിച്ച് പ്രവർത്തിക്കാൻ ആഹ്വാനംചെയ്‌ത്‌ അറബ്, ഇസ്ലാമിക ഉച്ചകോടി. ഖത്തറിന്റെ പരമാധികാരം ചോദ്യംചെയ്‌ത്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തെ രാഷ്‌ട്രനേതാക്കൾ ഒന്നടങ്കം അപലപിച്ചു. ഇസ്രയേലിനെതിരെ ശക്തമായ ഏകീകൃത നിലപാട് രൂപപ്പെടുത്താനാണ്‌ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേർന്നത്‌.


അന്താരാഷ്‌ട്രതലത്തിൽ ഇസ്രയേലിനെതിരെ ഒരുമിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള പ്രമേയം ഉച്ചകോടി പാസാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഭീഷണി പ്രകോപനമാണെന്നും മേഖലയിലെ സമാധാനത്തിനും സഹവർത്തിത്വത്തിനും ഇത് ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ചർച്ചകൾക്കും പ്രമേയം ശുപാർശ ചെയ്‌തു.

ഖത്തറിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്‌ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. ഹമാസ് നേതാക്കളുടെയും കുടുംബങ്ങളുടെയും താമസസ്ഥലം ലക്ഷ്യമിട്ട് നടന്ന ആക്രമണം നീചമായ പ്രവൃത്തിയാണ്. ഗാസയിലേത്‌ വംശഹത്യായുദ്ധമായി മാറി. ഇസ്രയേലും ഹമാസുമായി മധ്യസ്ഥചർച്ച നടത്തുന്ന രാജ്യമാണ് ഖത്തർ. ഹമാസ് നേതൃത്വത്തെ വധിക്കണമെങ്കിൽ പിന്നെന്തിനാണ് അവരുമായി ചർച്ചനടത്തുന്നത്‌ –അമീർ ചോദിച്ചു.


ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കുമെതിരെയുള്ള കടന്നാക്രമണമായി കണക്കാക്കണമെന്നും നാറ്റോ മാതൃകയിൽ കൂട്ടായ സുരക്ഷാസഖ്യം വേണമെന്നും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുദാനി നിർദേശിച്ചു. പ്രതികരണം വ്യക്തവും നിർണായകവും ആയിരിക്കണമെന്ന്‌ ജോർദാൻ രാജാവ് അബ്‌ദുള്ള രണ്ടാമൻ പ്രസ്‌താവിച്ചു. ഇസ്രയേലിന്റെ ആക്രമണം എല്ലാ അതിരുകളും ലംഘിച്ചെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസി പറഞ്ഞു. അന്പതോളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home