ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം: അറബ് ഉച്ചകോടി

അനസ് യാസിൻ
Published on May 18, 2025, 01:19 AM | 1 min read
മനാമ: ഗാസയിലെ ഇസ്രയേലി ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ബാഗ്ദാദിൽ ചേർന്ന 34–--ാം അറബ് ഉച്ചകോടി ആവശ്യപ്പെട്ടു. ഗാസാമുനമ്പിൽനിന്നു പലസ്തീൻ ജനതയെ പുറത്താക്കാനാണ് ഇസ്രയേലിന്റെ നീക്കമെന്നും ഉച്ചകോടി വിമർശിച്ചു. വംശഹത്യയെ അറബ് നേതാക്കൾ ശക്തമായി അപലപിച്ചു.
ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായ സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
പലസ്തീൻ നമ്മുടെ കൺമുന്നിൽ ചോരയൊലിക്കുകയാണ്. ബലപ്രയോഗത്തിലൂടെ പശ്ചിമേഷ്യയുടെ ഭൂപടം പുനർനിർമിക്കാനുള്ള ആഗ്രഹം ഭൂതകാലത്തിന്റെ പേടിസ്വപ്നങ്ങളെ മാത്രമേ വിളിച്ചുവരുത്തൂവെന്ന് ഇസ്രയേലിന്റെ യൂറോപ്പിലെ ഏറ്റവും ശക്തനായ വിമർശകനായ സോഷ്യലിസ്റ്റ് നേതാവ് കൂട്ടിച്ചേർത്തു.
ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ ആവശ്യമാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. ബന്ദികളെ നിരുപാധികം മോചിപ്പിക്കണമെന്നും ഉപരോധം അവസാനിപ്പിക്കാൻ മാനുഷിക സഹായങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് ആവശ്യമണെന്നും ഗുട്ടെറെസ് പറഞ്ഞു.
സംവാദം, ഐക്യദാർഢ്യം, വികസനം എന്ന പ്രമേയത്തിൽ നടന്ന ഉച്ചകോടി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി ഉദ്ഘാടനംചെയ്തു. ഗാസയിലെ വംശഹത്യ സമാനതകളില്ലാത്ത തലത്തിലെത്തിയെത്തിയമായി അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസി ആവശ്യപ്പെട്ടു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം എന്നിവരുൾപ്പെടെ രാഷ്ട്രത്തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.









0 comments