കുമാര ദിസ്സനായകെയുമായി ഇന്ത്യയിൽനിന്നുള്ള ഇടതുപക്ഷ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി

കൊളംബോ: ശ്രീലങ്ക പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുമായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും സിഐടിയു അഖിലേന്ത്യ സെക്രട്ടറിയുമായ എ ആർ സിന്ധു കൂടിക്കാഴ്‌ച നടത്തി. മേഖലയിലെ ഇതര രാജ്യങ്ങളിലെ ഇടതുപക്ഷ–-കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനം താനും തന്റെ പാർടിയായ ജനത വിമുക്തി പെരമുന(ജെവിപി)യും അതീവ താൽപര്യത്തോടെയാണ് വീക്ഷിക്കുന്നതെന്ന് ദിസ്സനായകെ പറഞ്ഞു.
ശ്രീലങ്കയിലെ തമിഴ്‌വംശജരും മുസ്ലിങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ജെവിപി നയിക്കുന്ന എൻപിപി സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജെവിപി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്‌ച.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവരും ദിസ്സനായകെയുമായി കൂടിക്കാഴ്‌ച നടത്തി. മെയ്‌ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായാണ് നേതാക്കൾ കൊളംബോയിൽ എത്തിയത്. കേരളം സന്ദർശിക്കാൻ ദിസ്സനായകെ താൽപര്യം അറിയിച്ചു.
ജെവിപി ജനറൽ സെക്രട്ടറി ടിൽവിൻ സിൽവ, സ്‌പീക്കർ ജഗത് വിക്രമരത്‌നെ എന്നിവരുമായും ഇന്ത്യയിൽനിന്നുള്ള ഇടതുപക്ഷ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി.









0 comments