ബ്രസീലിൽ ശക്തമായ ചുഴലിക്കാറ്റ്: ആറ് മരണം, എഴുന്നൂറോളം പേർക്ക് പരിക്ക്

ഫോട്ടോ: എഫ്പി
ബ്രസീൽ: തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ പരാനയിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ആറ് പേർ കൊല്ലപ്പെടുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചത്. രണ്ടുമിനിറ്റിൽ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും വൻ നാശനഷ്ടമാണുണ്ടാക്കിയത്.റിയോ ബോണിറ്റോ ഡോ ഇഗ്വാസു നഗരത്തിന്റെ 90 ശതമാനവും നശിപ്പിച്ചതായി ശനിയാഴ്ച പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.
14,000 പേർ താമസിക്കുന്ന നഗരമാണിത്. നിരവധി കെട്ടിടങ്ങൾ മേൽക്കൂരകൾ പറന്നുപോയി. ഭൂകമ്പസമാനമായിരുന്നു കാറ്റിന്റെ ശബ്ദമെന്നും നഗരത്തിന്റെ ആകാശ ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഉയർന്ന താപനിലയും വർധിച്ച ഈർപ്പവും അന്തരീക്ഷത്തിന്റെ അസ്ഥിരതയും കാറ്റിന്റെ വ്യതിയാനവും ഒക്കെയാണ് ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്ന ഘടകങ്ങൾ.
ആരോഗ്യ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ചുഴലിക്കാറ്റിൽ കുറഞ്ഞത് 750 പേർക്ക് പരിക്കേറ്റു, അവരിൽ 10 പേർക്ക് ശസ്ത്രക്രിയ നടത്തി, ഒമ്പത് പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ അഞ്ച് പേർ റിയോ ബോണിറ്റോ ഡോ ഇഗ്വാസുവിൽ നിന്നുള്ളവരാണെന്നും മറ്റൊരാൾ അടുത്തുള്ള നഗരമായ ഗ്വാരാപുവാവിൽ നിന്നുള്ളയാളാണെന്നും റിപ്പോർട്ടുകളുണ്ട്.









0 comments