ബംഗ്ലാദേശിൽ വിദ്യാർഥികളുടെ രാഷ്ട്രീയ പാർട്ടി വരുന്നു

ധാക്ക : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനകീയപ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന അധികാരമൊഴിഞ്ഞ് രാജ്യം വിടാൻ ഇടയാക്കിയ ജനമുന്നേറ്റത്തിനു നേതൃത്വം നൽകിയ സ്റ്റുഡന്റ്സ് എഗെന്സ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) ആണ് രാഷ്ട്രീയ പാർട്ടിയാകുന്നതെന്നാണ് റിപ്പോർട്ടുകൾ.
എസ്എഡി നേതാവും ഇപ്പോഴത്തെ ഇടക്കാല സർക്കാരിന്റെ ഉപദേശകനുമായ നഹീദ് ഇസ്‍ലാം ആയിരിക്കും പുതിയ പാർട്ടിയുടെ നേതൃസ്ഥാനത്ത്. പാർട്ടി പ്രഖ്യാപന സമ്മേളനം മിക്കവാറും നാളെ ധാക്കയിൽ നടക്കും.
കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനവും വിവിധ സംവരണ വിഭാഗത്തിനാണ്. ഇതിൽ, സ്വാതന്ത്ര്യത്തിനായുള്ള 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക് മാത്രമായുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്നാണ് യുവജനങ്ങളുടെ ദീര്‍ഘകാലആവശ്യം. ഇത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി സർക്കാർ തീരുമാനം പുനസ്ഥാപിച്ചതോടെ ജൂലൈ ഒന്നിനാണ് വിദ്യാർഥികളും യുവാക്കളും പ്രക്ഷോഭം ആരംഭിച്ചത്.









0 comments