ഖഷോഗി കൊല്ലപ്പെട്ടിട്ട് ഒരുമാസം: എങ്ങുമെത്താതെ അന്വേഷണം

ഇസ‌്താംബുൾ > സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കി തലസ്ഥാനമായ ഇസ‌്താംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടിട്ട‌് ഒരുമാസം. ഒക്ടോബർ രണ്ടിനാണ‌് ഖഷോഗി കൊല്ലപ്പെട്ടത‌്. സംഭവത്തിൽ തുർക്കി പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം യഥാർഥ കുറ്റവാളികളിലെത്താതെ വഴിമുട്ടിനിൽക്കുകയാണ‌്. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്നതിനെക്കുറിച്ച‌് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിന‌് പിന്നിൽ സൗദിയാണെന്ന ആരോപണം ശരിവയ‌്ക്കുന്നതാണ‌് ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട‌്.
എന്നാൽ, കൊന്നവരേയും കൊല്ലിച്ചവരേയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഖഷോഗിയെ ശ്വാസംമുട്ടിച്ച‌് കൊന്ന‌് മൃതദേഹം തുണ്ടംതുണ്ടമാക്കിയിരുന്നതായി തുർക്കി പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.സംഭവത്തിൽ സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാനെതിരെ ആരോപണം ശക്തമാണ‌്. എന്നാൽ, അദ്ദേഹം ഇത‌് നിഷേധിച്ചു. സൗദിക്കെതിരെ അന്താരാഷ‌്ട്രതലത്തിലടക്കം കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട‌്. എന്നിട്ടും അന്വേഷണം യഥാർഥ പ്രതികളിലെത്തിയിട്ടില്ല. എന്നാൽ, സംഭവത്തിൽ പങ്കുണ്ടെന്ന‌് ആരോപിച്ച‌് 18 പേരെ സൗദി അറസ്റ്റ‌് ചെയ‌്തിരുന്നു.









0 comments