ഖഷോഗി: കോൺസുലേറ്റിലെ ശബ്ദരേഖ സിഐഎ തലവൻ പരിശോധിച്ചു

ഇസ‌്താംബുൾ > സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ സിഐഎ മേധാവി ജിന ഹാസ‌്പെൽ പരിശോധിച്ചതായി റിപ്പോർട്ട‌്. ഇസ‌്താംബുളിലെ സൗദി കോൺസുലേറ്റിനുള്ളിൽനിന്ന‌് തുർക്കി ശേഖരിച്ച ശബ്ദരേഖയും സിഐഎ മേധാവി പരിശോധിച്ചു. കൊലപാതകത്തിൽ സൗദിയുടെ പങ്ക‌് തെളിയിക്കുന്ന ശക്തമായ തെളിവ‌് ശബ്ദരേഖയിലുണ്ടെന്ന‌് വാഷിങ‌്ടൺ പോസ്റ്റ‌് റിപ്പോർട്ട‌് ചെയ‌്തു. തുർക്കി സന്ദർശനത്തിനുശേഷം ഹാസ‌്പെൽ വ്യാഴാഴ‌്ച അമേരിക്കയിലേക്ക‌് തിരിച്ചു. തുർക്കി പ്രസിഡന്റ‌് റസിപ‌് തയ്യിപ‌് എർദോഗനുമായും ഉന്നത പൊലീസ‌് ഉദ്യോഗസ്ഥരുമായും ഹാസ‌്പെൽ ചർച്ച നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട‌് തങ്ങളുടെ പക്കലുള്ള തെളിവുകൾ കേസ‌് അന്വേഷിക്കുന്ന ഏജൻസിക്ക‌് കൈമാറുമെന്ന‌് തുർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയറിയാതെ ഖഷോഗി വധം നടക്കില്ലെന്ന ഇറാന്റെ പ്രസ‌്താവന വന്നതിനുപിന്നാലെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തമായ തെളിവുകൾ ശേഖരിക്കാൻ അമേരിക്ക തയ്യാറാവുകയായിരുന്നു. ഇതിന്റെ ഭാഗമായാണ‌് സിഐഎ മേധാവിയുടെ നിർണായക ഇടപെടലെന്നാണ‌് വിവരം. കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാന‌് പങ്കുണ്ടാകാമെന്ന‌് ഡോണൾഡ‌് ട്രംപ‌് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊലപാതകത്തിൽ സൗദിയുടെ പങ്ക‌് പൂർണമായും പുറത്തുവന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന‌് വൈറ്റ‌്ഹൗസും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ സൗദി അറേബ്യയ‌്ക്ക‌് അമേരിക്ക ആയുധങ്ങൾ കൈമാറരുതെന്നാവശ്യപ്പെടുന്ന ബിൽ അധോസഭയിൽ അവതരിപ്പിക്കാൻ അമേരിക്കൻ സെനറ്റ‌് അംഗങ്ങൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട‌്. സൗദിയുമായുള്ള പ്രതിരോധ സഹകരണ ഇടപാടുകളിൽനിന്ന‌് അമേരിക്ക പിൻമാറണമെന്ന ആവശ്യവും ശക്തമാണ‌്. സൗദിയുമായുള്ള പ്രതിരോധ കരാറിൽനിന്ന‌് പിൻമാറില്ലെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.









0 comments