ഇന്തോനേഷ്യ രക്ഷാപ്രവർത്തനത്തിന‌് കൂടുതൽ സൈനികർ

ജക്കാർത്ത
സുനാമിയും ഭൂകമ്പവും വൻനാശം വിതച്ച ഇന്തോനേഷ്യയിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈനികരെ രംഗത്തിറക്കി. ദുരന്തം കൂടുതൽ നാശംവിതച്ച പാലുവിലെ ഉൾപ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക‌് ഇനിയും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ‌് കൂടുതൽ സൈനികരെ ദുരന്തമുഖത്തിറക്കാൻ തീരുമാനിച്ചത‌്. രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കിയെന്നും തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇന്തോനേഷ്യൻ ദുരിതാശ്വാസ നിധിയിലേക്ക‌് അടിയന്തര സഹായമായി ഐക്യരാഷ‌്ട്രസഭ 1.5 കോടി ഡോളർ അനുവദിച്ചു. യുഎന്നിനു പുറമെ 25 രാജ്യങ്ങളും ഇന്തോനേഷ്യക്ക‌് സഹായം വാഗ‌്ദാനം ചെയ‌്തിട്ടുണ്ട‌്. രണ്ട‌് ലക്ഷത്തിലധികം പേരാണ‌് രാജ്യത്താകെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത‌്. എഴുപതിനായിരത്തോളം വീടുകൾ പൂർണമായും തകർന്നു. ദുരിതമേഖലകളിൽ കുടിവെള്ളക്ഷാമവും ഭക്ഷണക്ഷാമവും നിലനിൽക്കുന്നുണ്ട‌്. ഗതാഗത വാർത്താവിനിമയ ബന്ധങ്ങൾ പൂർണമായും താറുമാറായത‌് രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട‌്.
സുലാവേസി ദ്വീപിൽ ബുധനാഴ‌്ചയുണ്ടായ അഗ്നിപർവത സ‌്ഫോടനവും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അഗ്നിപർവത സ‌്ഫോടനത്തിൽ ആളപായമില്ലെങ്കിലും കിലോമീറ്ററോളം ഉയരത്തിൽ പുകപടലങ്ങൾ ഉയർന്നതോടെ ഇതുവഴിയുള്ള വ്യോമഗതാഗതം നിരോധിച്ചിരുന്നു.
ഇതുവരെ 1424 പേരാണ‌് കൊല്ലപ്പെട്ടതെന്നും മൃതദേഹങ്ങൾ സംസ‌്കരിച്ചെന്നും ദേശീയ ദുരന്തനിവാരണ അധികൃതർ പറഞ്ഞു.









0 comments