കിം‐ട്രംപ് ഉച്ചകോടി ഇന്ന് ; പ്രതീക്ഷയോടെ ലോകം

സിംഗപ്പൂർ
ചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്ത ഒരു കൂടിക്കാഴ‌്ചയിലേക്ക‌് ഇതാ ലോകമുണരുന്നു. എല്ലാ കണ്ണുകളും സിംഗപ്പൂരിലെ സെന്റോസ ദ്വീപിലേക്ക‌്. ടെലിഫോണിൽപ്പോലും പരസ‌്പരം സംസാരിച്ചിട്ടില്ലാത്ത രണ്ട‌് രാജ്യതലവന്മാർ ഒന്നിച്ചിരിക്കുന്നു‐ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നും. ഉച്ചകോടിയുടെ ഫലം എന്തായാലും ചരിത്രത്തിന്റെ ഭാഗമാകുന്നു ഇരുവരും. ആധുനിക ലോകത്തെ ഏറ്റവും സുപ്രധാന കൂടിക്കാഴ‌്ചയെന്ന‌് വിശേഷിപ്പിക്കപ്പെടുന്ന ഉച്ചകാടിയെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ഉറ്റുനോക്കുന്നു രാഷ‌്ട്രത്തലവന്മാർ മുതൽ സാധാരണക്കാർ വരെ.
ചൊവ്വാഴ‌്ച രാവിലെ ഒമ്പതിന‌്(ഇന്ത്യൻ സമയം രാവിലെ ആറരയ‌്ക്ക‌്) സിംഗപ്പൂരിലെ ദ്വീപ‌് റിസോർട്ടായ സെന്റോസയിലെ ക്യാപെല്ല ഹോട്ടലിൽ ഉച്ചകോടി ആരംഭിക്കും. കിമ്മും ട്രംപും അവരുടെ സംഘാംഗങ്ങളും ഞായറാഴ‌്ച തന്നെ സിംഗപ്പൂരിൽ എത്തി. ഇരു നേതാക്കളും സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയാൻ ലൂങ്ങുമായി കൂടിക്കാഴ‌്ച നടത്തി.
ട്രംപും കിമ്മും മാത്രമായി ചർച്ച നടത്തുമെന്ന് വൈറ്റ‌്ഹൗസ‌് വ്യക്തമാക്കി. അതേസമയം, അമേരിക്കയുമായി പുതിയൊരു ബന്ധത്തിനാണ‌് ലക്ഷ്യമിടുന്നതെന്ന‌് ഉത്തരകൊറിയൻ ഒൗദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട‌്ചെയ‌്തു. ഇരു നേതാക്കളും അങ്ങേയറ്റം ആത്മവിശ്വാസത്തിലാണെന്ന‌് ട്രംപിനെയും കിമ്മിനെയും കണ്ട സിംഗപ്പൂർ വിദേശമന്ത്രി വിവിയൻ ബാലകൃഷ‌്ണൻ പറഞ്ഞു.
സിംഗപ്പൂർ സിറ്റിയിൽ അധികം അകലെയല്ലാത്ത ഹോട്ടലുകളിൽ താമസിക്കുന്ന ട്രംപിനും കിമ്മിനും കനത്ത സുരക്ഷയാണ‌് ഒരുക്കിയിരിക്കുന്നത‌്. സിംഗപ്പൂർ സുരക്ഷാ സൈനികർക്ക‌് പുറമെ പ്രത്യേക പരിശീലനം നേടിയ നേപ്പാളി ഗൂർഖകളെയും ഉച്ചകോടി നടക്കുന്ന ഹോട്ടലിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട‌്. രജിസ‌്റ്റർ ചെയ‌്ത 3000 മാധ്യമപ്രവർത്തകരാണ‌് എത്തിയിരിക്കുന്നത‌്.
ഉത്തരകൊറിയയുടെ ആണവപ്രവർത്തനങ്ങൾക്ക‌് തടയിടുകയെന്ന പ്രഖ്യാപിതലക്ഷ്യത്തോടെ അമേരിക്കൻ പ്രസിഡന്റ‌് എത്തുമ്പോൾ തങ്ങൾക്കെതിരായ അനിയന്ത്രിതമായ ഉപരോധങ്ങൾ നീക്കുകയെന്ന നിലപാടിൽ ഉറച്ചാകും ഉത്തരകൊറിയ. ഉപരോധങ്ങൾ നീക്കാതെ ഏകപക്ഷീയമായ കീഴടങ്ങലിന‌് തയ്യാറല്ലെന്ന നിലപാട‌് അൻ ആവർത്തിക്കുമെന്നുറപ്പ‌്. കൊറിയൻ ഉപദ്വീപിൽ സമാധാനം സ്ഥാപിക്കാനുള്ള നിർദേശങ്ങളാകും അമേരിക്ക മുന്നോട്ടുവയ‌്ക്കുക. ഈ ലക്ഷ്യം കൈവരിക്കാൻ ആണവനിരായുധീകരണത്തിന‌് ഉൾപ്പെടെ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന‌് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട‌്. ദക്ഷിണകൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇന്നുമായുള്ള ചരിത്ര ഉച്ചകോടിക്കുശേഷം കിം ജോങ‌് അൻ ഇതിനുള്ള നടപടികൾ സ്വീകരിക്കുകയുംചെയ‌്തു. വിദേശമാധ്യമപ്രവർത്തകരെയും നിരീക്ഷകരെയും സാക്ഷിനിർത്തി ആണവപരീക്ഷണശാലകൾ പൂട്ടി ഉത്തരകൊറിയ പ്രതിബദ്ധത പ്രകടമാക്കി.
എന്നാൽ, കൊറിയൻ മേഖലയിലെ അമേരിക്കയുടെ സൈനികസാന്നിധ്യം അവസാനിപ്പിക്കണമെന്ന സുപ്രധാന നിർദേശമാകും ചർച്ചയിൽ അൻ ഉന്നയിക്കുക. സ്വന്തം സൈനിക താൽപ്പര്യങ്ങൾക്ക‌് തടസ്സമാകുന്ന ഈ ആവശ്യത്തോട‌് ട്രംപ‌് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഉച്ചകോടിയുടെ ഫലം.
തന്നെ ഭ്രാന്തനെന്നുവരെ വിളിച്ച ട്രംപിനെ ചർച്ചയ‌്ക്കായി സിംഗപ്പൂരിലേക്ക‌് എത്തിച്ച കിം ജോങ‌് അന്നിന്റേതാണ‌് ഇതുവരെയുള്ള വിജയം. സിംഗപ്പൂരിൽ ഉച്ചകോടി പ്രഖ്യാപിച്ചശേഷവും ട്രംപ‌് ഇതിൽനിന്ന‌് പിന്മാറുകയാണെന്ന‌് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലപാടിൽ ഒരു വിട്ടുവീഴ‌്ചയ‌്ക്കും അൻ തയ്യാറായില്ല. ഒടുവിൽ ലോകം കാത്തിരുന്ന ഉച്ചകോടിക്ക‌് ട്രംപ‌് എത്തുകയായിരുന്നു.









0 comments