യുഎസിൽ വധശിക്ഷ ലഭിച്ച പ്രായമേറിയ വ്യക്തിയായി വാൾട്ടർ മൂഡി

അലബാമ (യുഎസ്) > പൈപ്പ് ബോംബ് ഉപയോഗിച്ച് ജഡ്ജിയേയും അറ്റോർണിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എൺപത്തിമൂന്നുകാരന്റെ വധശിക്ഷ യുഎസ് നടപ്പാക്കി. വാൾട്ടർ ലെറോയ് മൂഡിയെയാണു ശിക്ഷിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണു വാൾട്ടർ. അറ്റ്മോറിലെ അലബാമ ജയിലിലാണു മൂഡിയുടെ വധശിക്ഷ നടപ്പാക്കിയത്.
വധശിക്ഷ തടയണം എന്നാവശ്യപ്പെട്ട‌് വാള്‍ട്ടറിന്റെ അഭിഭാഷകന്‍ വ്യാഴാഴ്ച നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. അലബാമയിൽ ഫെഡറൽ ജഡ്ജിയായ റോബർട്ട് വാൻസ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിൽ മൂഡി കുറ്റക്കാരനാണെന്നു 1996ൽ കണ്ടെത്തിയിരുന്നു. 1989ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അതേ വർഷംതന്നെ നടന്ന ജോർജിയയിലെ അറ്റോര്‍ണി റോബര്‍ട്ട് റോബിൻസണിന്റെ കൊലപാതകത്തിലും ഇയാൾ പ്രതിയാണ്.
രണ്ട് കൊലപാതകവും പൈപ്പ് ബോംബ് ഉപയോഗിച്ചായിരുന്നു. ‘അമേരിക്കൻസ് ഫോർ കംപ്ലീറ്റ് ഫെഡറൽ ജുഡീഷ്യൻ സിസ്റ്റം’ എന്ന സംഘടനയാണു രണ്ടു സംഭവത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തത്.2005ല്‍ മിസിസിപ്പിയില്‍ വധശിക്ഷയ്ക്കു വിധേയനായ ജോണ്‍ നിക്‌സണ്‍ (77) ആയിരുന്നു മൂഡിക്കു മുമ്പ‌് ശിക്ഷിക്കപ്പെട്ട പ്രായമേറിയ വ്യക്തി. 1976 ലാണ് യുഎസ് വധശിക്ഷ പുനഃസ്ഥാപിച്ചത്.









0 comments