പണിമുടക്കിൽ ഫ്രാൻസിൽ റെയിൽഗതാഗതം സ്‌‌തംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 03, 2018, 05:23 PM | 0 min read

പാരീസ് > ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ പരിഷ്കാരങ്ങൾക്കെതിരെ തൊഴിലാളികളും ജീവനക്കാരും ആരംഭിച്ച പണിമുടക്കിൽ റെയിൽഗതാഗതം സ്തംഭിച്ചു. ഓരോ അഞ്ചുദിവസത്തിലും രണ്ടുദിവസമെന്ന കണക്കിൽ മൂന്നുമാസത്തിനിടെ 36 ദിവസം പണിമുടക്കാനാണ് ദേശീയ റെയിൽവേയായ എസ്എൻസിഎഫിലെ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ഊർജോൽപ്പാദനം, മാലിന്യനിർമാർജനം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളും 'കറുത്ത ചൊവ്വ'യിൽ പണിമുടക്കി. കഴിഞ്ഞവർഷം മേയിൽ അധികാരമേറ്റ മാക്രോൺ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി തൊഴിലാളിപ്രക്ഷോഭം മാറിക്കഴിഞ്ഞു.

നാലു പ്രധാന റെയിൽ യൂണിയനുകളും സമരത്തിൽ അണിനിരന്നതോടെ ഗതാഗതം നിലച്ചു. ഹൈസ്പീഡ് ട്രെയിനുകളിൽ എട്ടിലൊന്നും പ്രാദേശിക സർവീസുകളിൽ അഞ്ചിലൊന്നും മാത്രമാണ് ചൊവ്വാഴ്ച സർവീസ് നടത്തിയത്. റെയിൽഗതാഗതം സ്തംഭിച്ചതോടെ റോഡിൽ ദീർഘമായ ഗതാഗതക്കുരുക്കായി. തിരക്കേറിയ സമയത്ത് പാരീസിൽ 420 കിലോമീറ്റർവരെ ഗതാഗതക്കുരുക്ക് നീണ്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. 

ഊർജകമ്പോളത്തിലെ ഉദാരവൽക്കരണത്തിനെതിരെ തൊഴിലാളികൾ നടത്തിയ പണിമുടക്കും ഏറെക്കുറെ പൂർണമായിരുന്നു. തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് വിദ്യാർഥികളും തെരുവിലിറങ്ങി. നവഉദാരവൽക്കരണ പരിഷ്കാരങ്ങൾക്കെതിരെ മാസങ്ങളായി ഫ്രാൻസിൽ രോഷം പുകയുകയാണ്. റെയിൽ തൊഴിലാളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് 22ന് പതിനായിരക്കണക്കിന് അധ്യാപകരും നേഴ്സുമാരും മറ്റു ജീവനക്കാരും പണിമുടക്കിയിരുന്നു. തൊഴിലാളി യൂണിയനുകളുടെ അധികാരം തകർക്കാനുള്ള ലക്ഷ്യത്തോടെയാണ് മാക്രോണിന്റെ പ്രവർത്തനമെന്നാണ് വിമർശം. 

തൊഴിലാളികളെ ഇഷ്ടാനുസരണം ജോലിക്കെടുക്കാനും തോന്നുമ്പോൾ പിരിച്ചുവിടാനും കമ്പനികൾക്ക് അനുമതി നൽകുന്ന നിയമപരിഷ്കാരം സെപ്തംബറിൽ മാക്രോൺ പാസാക്കിയെടുത്തിരുന്നു. തനിക്ക് ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലൂടെ ലഭിച്ചതെന്നാണ് മാക്രോണിന്റെ വാദം. സമരത്തിന്റെ സംസ്കാരത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭരണകക്ഷിയായ റിപ്പബ്ലിക് ഓൺ ദ മൂവിന്റെ വക്താവ് ഗബ്രിയേൽ അത്താൾ പറഞ്ഞു. ഫ്രാൻസിലെ പൊതുജനസംവിധാനത്തെയാകെ സംരക്ഷിക്കാനാണ് തങ്ങളുടെ സമരമെന്ന് സുഡ് റെയിൽ യൂണിയൻ നേതാവ് ഇമ്മാനുവൽ ഗ്രോൻദെയ്ൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home