ചൈനയിൽ പ്രസിഡന്റ് പദത്തിന് ഇനി കാലപരിധിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 11, 2018, 07:03 PM | 0 min read


ബീജിങ് > ചൈനയിൽ പ്രസിഡന്റ് പദത്തിന് കാലപരിധി നിശ്ചയിച്ചിരുന്ന നിയമം ഭേദഗതി ചെയ്തു. രണ്ടുതവണയിൽ കൂടുതൽ ഒരാൾ പ്രസിഡന്റ് പദവിയിൽ തുടരാൻ പാടില്ല എന്ന നിയമമാണ് നീക്കിയത്. ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സമ്മേളനത്തിലാണ് സുപ്രധാനമായ ഭേദഗതി.

ഞായറാഴ്ച നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ പങ്കെടുത്ത 2964 പ്രതിനിധികളിൽ 2958 പേരും ഭേദഗതിക്ക് അനുകൂലമായി വോട്ട്‌ചെയ്തു. രണ്ടുപേർ എതിർത്തു. മൂന്ന്‌പേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി. ഇതോടെ നിലവിലെ പ്രസിഡന്റായ ഷി ജിൻപിങ്ങ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. നിലവിൽ 2023ൽ ഷി ജിൻപിങിന്റെ കാലാവധി അവസാനിക്കുമായിരുന്നു. 2013ലാണ് അദ്ദേഹം രണ്ടാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1990ൽ ആണ് പ്രസിഡന്റ് സ്ഥാനത്ത് ഒരു വ്യക്തിക്ക് രണ്ടുതവണ മാത്രമേ തുടരാൻ കഴിയൂവെന്ന നിയമം ചൈനീസ് പാർലമെന്റ് പാസാക്കിയത്.

പ്രസിഡന്റും വൈസ് പ്രസിഡന്റും തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ പദവിയിൽ തുടരാൻ പാടില്ല എന്ന ചട്ടം ഭേദഗതിചെയ്യാൻ ചൈനീസ്‌കമ്യൂണിസ്റ്റ് പാർടി ശുപാർശചെയ്തിരുന്നു. ഇത് പാർടി പ്ലീനം അംഗീകരിക്കുകയും പാർലമെന്റിന്റെ അംഗീകാരത്തിന് വിടുകയുമായിരുന്നു.

പുതിയ യുഗത്തിന് ചൈനീസ് സ്വഭാവസവിശേഷതകളോടെയുളള സോഷ്യലിസം എന്ന ഷി ജിൻപിങിന്റെ രാഷ്ട്രീയ സിദ്ധാന്തവും ഭരണഘടനയിൽ ഉൾപ്പെടുത്തി. മാവോയ്ക്ക്‌ശേഷം ആദ്യമായാണ് ഒരു നേതാവിന്റെ രാഷ്ട്രീയ സിദ്ധാന്തം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത്.

ഷി ജിൻപിങ് ആണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് പാർടിയുടെ ഉന്നത സ്റ്റാൻഡിങ് കമ്മിറ്റിയിലെ ആറ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. ഭേഗഗതിക്ക് അനുകൂലമായ ഫലത്തെ പാർലമെന്റ് ഹർഷാരവത്തോടെ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home