റഷ്യൻ വിമാനം തകർന്ന് 71 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 11, 2018, 08:10 PM | 0 min read


മോസ്‌കോ > റഷ്യൻ വിമാനം തലസ്ഥാനമായ മോസ്‌കോയ്ക്കുസമീപം അർഗുനോവോ ഗ്രാമത്തിൽ തകർന്നുവീണ് 71 പേർ മരിച്ചു. ഞായറാഴ്ച വൈകിട്ട് മോസ്‌കോയിലെ ഡോമഡെഡോവോ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെയായിരുന്നു അപകടം. 65 യാത്രക്കാരും ആറു ജീവനക്കാരുമാണുണ്ടായിരുന്നത്. മുഴുവൻപേരും മരിച്ചതായി റഷ്യൻ എമർജൻസി സർവീസ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര സർവീസ് നടത്തുന്ന സരാറ്റോവ് എയർലൈൻസിന്റെ ആന്റനോവ് എഎൻ148 വിമാനമാണ് തകർന്നത്. ഓർസ്‌ക് നഗരത്തിലേക്ക് പോകുകയായിരുന്നു വിമാനം. ആകാശത്തുനിന്ന് കത്തിയ വിമാനം താഴേക്ക് പതിക്കുന്നത് അർഗുനോവോ ഗ്രാമനിവാസികൾ കണ്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനം പറന്നുയർന്ന് രണ്ടു മിനിറ്റിനകം റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.

വിമാനാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്. മഞ്ഞുമൂടിയ മേഖലയിലാണ് വിമാനം തകർന്നുവീണത്. ഇതിന്റെ ദൃശ്യങ്ങൾ റഷ്യൻ ടെലിവിഷൻ പുറത്തുവിട്ടു. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ട്. 150 രക്ഷാപ്രവർത്തകരെ അപകടമേഖലയിലേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. റഷ്യൻ ഗതാഗതമന്ത്രിയും അപകടസ്ഥലത്തേക്ക് തിരിച്ചു.

ഏഴുവർഷം പഴക്കമുള്ള റഷ്യൻ നിർമിത വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞവർഷമാണ് സരാറ്റോവ് എയർലൈൻസ് ഈ വിമാനം വാങ്ങിയത്. വിമാനത്തിന് സാങ്കേതികത്തകരാർ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മോശം കാലാവസ്ഥയാണോ അപകടത്തിനിടയാക്കിയതെന്ന് പരിശോധിക്കുന്നുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home