ഗാസയിൽ ഇസ്രയേലിന്റെ നരനായാട്ടിൽ കൊല്ലപ്പെട്ടത് 46,006 പേർ

ദുബായ്: 2023 ഒക്‌ടോബർ 7 മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ സൈനിക ആക്രമണത്തിൽ 46,006 പലസ്തീനികൾ കൊല്ലപ്പെടുകയും 109,378 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ എൻക്ലേവിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇസ്രയേൽ ഗാസ മുനമ്പിൽ ഞായറാഴ്‌ചമാത്രം നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 88 പേരാണ്. കൊടുംതണുപ്പിൽ എട്ട് കുട്ടികളാണ് ഗാസയിൽ മരണമടഞ്ഞത്. ഹമാസുമായി വെടിനിർത്തൽ ചർച്ചകൾ ഖത്തറിൽ ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലും ഇസ്രയേൽ ഗാസയിൽ നടത്തുന്ന നരനരനായാട്ട് തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ സ്ഥാനമൊഴിയാൻ രണ്ടാഴ്‌ചകൂടി ശേഷിക്കേ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 800 കോടി ഡോളറിന്റെ (68000 കോടി രൂപ) സൈനികസഹായംകൂടി ഇസ്രയേലിന് പ്രഖ്യാപിച്ചു.
ഇസ്രയേൽ കടന്നാക്രമണത്തിൽ സർവതും നഷ്ടപ്പെട്ട് ടെന്റുകളിലും മറ്റുമായി തിങ്ങിപ്പാർക്കുന്ന ജനങ്ങളുടെ ജീവിതം ദിവസങ്ങളായി പെയ്യുന്ന അതിതീവ്ര മഴയിൽ തീർത്തും ദുസ്സഹമാണ്. ഇതിന് പുറമേയാണ് ആശുപത്രികളടക്കം തകർത്തും കുട്ടികളെയടക്കം കൊന്നുതള്ളിയുമുള്ള ആക്രമണം ഇസ്രയേൽ തുടരുന്നത്.
ഇസ്രയേൽ ആക്രമണത്തിൽ ഗാസ ആരോഗ്യസംവിധാനങ്ങൾ പൂർണ തകർച്ചയുടെ വക്കിലാണെന്ന് പറഞ്ഞ ഐക്യരാഷ്ട്ര സംഘടന, ഇതിന് ഇസ്രയേൽ നൽകുന്ന വിശദീകരണങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി.









0 comments