ട്രെയിനിലെ ഭീകരാക്രമണം; 13 ഭീകരർ കൊല്ലപ്പെട്ടു, 80 യാത്രക്കാരെ രക്ഷപ്പെടുത്തി

ക്വറ്റ : പാകിസ്ഥാനിൽ ട്രെയിനിലുണ്ടയ ഭീകരാക്രമണത്തിൽ 13 ഭീകരർ കൊല്ലപ്പെട്ടു. 80 യാത്രക്കാരെ രക്ഷപ്പെടുത്തി. 43 പുരുഷന്മാരെയും 26 സ്ത്രീകളെയും 11 കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്. ഏകദേശം 400 യാത്രക്കാർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. എന്നാൽ വെടിവയ്പ്പിൽ ലോക്കോപൈലറ്റിനും നിരവധി യാത്രക്കാർക്കും പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽനിന്ന് ഖൈബർ പഖ്‌തുങ്‌ക്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്‌സ്‌പ്രസാണ് തട്ടിയെടുത്തത്. ട്രെയിലുണ്ടായിരുന്ന സ്‌ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബിഎൽഎ, രക്ഷാപ്രവര്‍ത്തനത്തിന് എന്തുനീക്കമുണ്ടായാലും ബന്ദികളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.
ബലൂചിസ്ഥാനിലെ കച്ചി ജില്ലയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട മേഖലയില്‍വച്ചാണ് ട്രെയിനിലേക്ക് ആക്രമണമുണ്ടായത്.









0 comments