ബലൂചിസ്ഥാനിൽ ബിഎൽഎയുടെ ആക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂരിനിടെ ബലൂചിസ്ഥാനിലുണ്ടായ ആക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാൻ, കെച്ച് മേഖലകളിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റൊരു ആക്രമണവും പ്രദേശത്ത് നടന്നിട്ടുണ്ടെന്നും 2 പാക് സൈനികർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.
ആദ്യ ആക്രമണത്തിൽ, ബോലാനിലെ മാച്ചിലെ ഷോർഖണ്ഡ് പ്രദേശത്ത് പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബിഎൽഎയുടെ സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് (എസ്ടിഒഎസ്) റിമോട്ട് കൺട്രോൾ ഐഇഡി ആക്രമണം നടത്തി. സ്ഫോടനത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 12 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഫോടനത്തിൽ സൈനിക വാഹനം പൂർണ്ണമായും തകർന്നു.
കെച്ചിലെ കുലാഗ് ടിഗ്രാൻ പ്രദേശത്ത് പാകിസ്ഥാൻ സൈന്യത്തിന്റെ ബോംബ് ഡിസ്പൊസൽ സ്ക്വാഡിന് നേരെയാണ് ബിഎൽഎ മറ്റൊരു ആക്രമണം നടത്തിയതെന്നാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ യൂണിറ്റ് ക്ലിയറൻസ് ദൗത്യം നടത്തുന്നതിനിടെ റിമോട്ട് നിയന്ത്രിത ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നെന്നും ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്താണ് ബിഎൽഎ?
പാകിസ്ഥാനിലെ ഏറ്റവും വലുപ്പമേറിയതും ജനപ്പെരുപ്പം കുറഞ്ഞതുമായ പ്രവിശ്യ, എന്ന് മുതൽ പാകിസ്ഥാന്റെ ഭാഗമായോ അന്നുമുതൽ തന്നെ വിഘടന വാദ സ്വരങ്ങളും സജീവമായ ബലൂചിസ്ഥാൻ. ഈ സ്വരങ്ങളുടെ പാകിസ്ഥാനിലെ മുഖമാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്ന ബിഎൽഎ. ഈ ബിഎൽഎയാണ് അടുത്തിടെ 425 പേർ സഞ്ചരിച്ച ട്രെയിൻ റാഞ്ചിയത്. ആരാണ് ബിഎൽഎ? എന്താണ് ബിഎൽഎയുടെ കഥ?
പാകിസ്ഥാൻ രൂപീകരിച്ച് ആറ് മാസങ്ങൾക്ക് ശേഷമാണ് ബലൂചിസ്ഥാനെ രാജ്യത്തിന്റെ ഭാഗമാക്കുന്നത്. 240 മില്ല്യണിലധികം ജനസംഖ്യ പേറുന്ന പാകിസ്ഥാനിലെ 15 മില്ല്യൺ മനുഷ്യരാണ് ബലൂചിസ്ഥാനിൽ വസിക്കുന്നത്. കൽക്കരി, സ്വർണം, ഗ്യാസ്, കോപ്പർ തുടങ്ങിയ വിഭവങ്ങൾ യഥേഷ്‌ടം ബലൂചിസ്ഥാനിൽ നിന്ന് ഖനനം ചെയ്യുന്നുണ്ട്. പാകിസ്ഥാനിലെ പ്രധാന ആഴക്കടൽ തുറമുഖമായ ഗ്വാദർ സ്ഥിതി ചെയ്യുന്നതും ബലൂചിസ്ഥാനിൽ തന്നെയാണ്. ഈ സ്ഥിതിവിശേഷങ്ങളൊെെക്കെ നിലനിന്നിട്ടും അവിടെയുള്ള ജനതയാണ് രാജ്യത്തെ ഏറ്റവും ദരിദ്രർ. ഈ സാഹചര്യമാണ് ബലൂചിസ്ഥാനിലെ വിമത ശബ്‌ദങ്ങളുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. പ്രവിശ്യയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്ന പാകിസ്ഥാൻ അവിടെയുള്ള ജനങ്ങളെ പാടെ അവഗണിക്കുകയാണെന്ന് വിമതർ പറയുകയും ചെയ്യുന്നു.
1947ലെ പാകിസ്ഥാന്റെ രൂപീകരണത്തിന് ശേഷം ഏറ്റവും കുറഞ്ഞത് അഞ്ച് വിഘടനവാദ പ്രക്ഷോഭങ്ങൾക്കെങ്കിലും ബലൂചിസ്ഥാൻ സാക്ഷിയായിട്ടുണ്ട്. 2000ത്തിന്റെ തുടക്കത്തിലായിരുന്നു അവസാന പ്രക്ഷോഭം. ഈ കാലഘട്ടത്തിൽ തന്നെയാണ് ബിഎൽഎ രൂപീകരിക്കുന്നതും ശക്തിയാർജിക്കുന്നതും. ബലൂച് ദേശീയ നേതാവ് നവാബ് ഖൈർ ബക്ഷ് മാരിയുടെ മകൻ ബാലച്ച് മാരിയായിരുന്നു സംഘടനയുടെ നേതൃത്വം. 2006ൽ പർവേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള സൈനിക സർക്കാർ ബിഎൽഎയുടെ പ്രമുഖ നേതാവായിരുന്ന നവാബ് അക്ബർ ബുഗ്തിയെ കൊലപ്പെടുത്തിയതിനെത്തുടർന്നാണ് സംഘടന ബലപ്പെടുന്നത്. തൊട്ടടുത്ത വർഷം തന്നെയായിരുന്നു ബാലച്ച് മാരിയും കൊല്ലപ്പെട്ടത്. 2006ലായിരുന്നു സംഘടനയെ സർക്കാർ നിരോധിക്കുന്നതും.
ബിഎൽഎ തുടക്കത്തിൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന സംഘടന ആയിരുന്നെങ്കിലും പിന്നീട് അതിന്റെ സ്വഭാവം മാറുകയാണുണ്ടായത്. മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നിൽ തങ്ങളുടെ ശക്തിയും കഴിവുകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വലിയ പ്രവണത സംഘടനയുടെ പുതിയ നേതൃത്വം കാണിച്ചു. ബഷീർ സായിബാണ് ബിഎൽഎയെ നിലവിൽ നയിക്കുന്നത്. ട്രെയിൻ ഹൈജാക്ക് ചെയ്തതിന് പിന്നിലും ഇയാൾ തന്നെയാണെന്നും വിലയിരുത്തുന്നു.
ഇക്കാലയളവിൽ പാകിസ്ഥാനെ നടുക്കിയ നിരവധി അക്രമപരമ്പരകൾ ബിഎൽഎയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 2018ലെ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റ് ആക്രമണം, 2020ലെ പാകിസ്ഥാൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് എതിരായ ആക്രമണം എന്നിവയ്‌ക്ക് പിന്നിൽ ബിഎൽഎ ആയിരുന്നു. 2023നേക്കാൾ 90 ശതമാനം അക്രമങ്ങൾക്കാണ് ബിഎൽഎ പോയ വർഷം നേതൃത്വം നൽകിയത്. ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് സ്‌ത്രീകളെ മുൻനിർത്തിയുള്ള സൂയ്‌സഡ് ബോംബിങ്ങുൾപ്പെടെ ബിഎൽഎ നടപ്പാക്കുന്നുണ്ട്.
ചെറുപ്പക്കാരെയും വിദ്യാർഥികളെയും റിക്രൂട്ട് ചെയ്യുന്നതിലാണ് ബിഎൽഎയുടെ കരുത്ത്. പാകിസ്ഥാൻ സർക്കാരിന്റെ ബലൂചിസ്ഥാനോടുള്ള അവഗണന ഉദ്ധരിച്ചാണ് ബിഎൽഎ ആളുകളെ ക്യാൻവാസ് ചെയ്യുന്നതും. നിലവിൽ 5000ലധികം പേർ പ്രവർത്തിക്കുന്ന ബിഎൽഎയുടെ അംഗബലം വർധിച്ച് വരുന്നതായാണ് റിപ്പോർട്ട്. നിയമ വിദ്യാർഥികൾ, മെഡിസിൻ ബിരുദ ധാരികൾ, സ്‌ത്രീകൾ തുടങ്ങിവർ സംഘടനയിലേക്ക് കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.









0 comments