54 ഇസ്കോൺ സന്യാസിമാരെ അതിർത്തിയിൽ തടഞ്ഞ് ബംഗ്ലാദേശ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 06:11 PM | 0 min read

ധാക്ക > ഇന്ത്യയിലേക്ക് യാത്ര തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ അതിർത്തിയിൽ തടഞ്ഞ് ബം​ഗ്ലാദേശ്. ബെനാപോൾ ബോർഡർ ചെക്ക് പോയിന്റിൽ വച്ചാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്(ഇസ്‌കോൺ) സന്യാസിമാരെ തടഞ്ഞത്. മതിയായ യാത്രാരേഖകൾ ഉണ്ടായിട്ടും ഇവരെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിച്ചില്ലെന്നാണ് വിവരം. ഇന്ത്യയിൽ നടക്കുന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ വന്ന സന്യാസിമാരെയാണ് അതിർത്തിയിൽ നിന്ന് തിരിച്ചയച്ചത്.

ഇസ്‌കോൺ മുൻ നേതാവ്‌ ചിന്മയ്‌ കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്‌ അറസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബർ 25ന് ചാത്തോഗ്രാമിൽ നടന്ന റാലിയിൽ ബംഗ്ലാദേശ് ദേശീയ പതാകയ്‌ക്ക് മുകളിൽ കാവി പതാക ഉയർത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്‌. ചിന്മയ്‌ കൃഷ്ണ ദാസിനും 18 പേർക്കുമെതിരെ ഒക്ടോബർ 30 ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

ചൊവ്വാഴ്ച ചാത്തോഗ്രാം കോടതിയിൽ നടന്ന വിചാരണയ്ക്കിൽ ദാസിന് ജാമ്യം നിഷേധിക്കുകയും തുടർന്ന് ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. ചിന്മയ്‌ കൃഷ്ണ ദാസിന്റെ അറസ്‌റ്റിനെ തുടർന്ന്‌ രാജ്യത്ത്‌ വർഗീയസംഘർഷങ്ങൾ രൂക്ഷമായിരുന്നു. ഇസ്‌കോൺ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിൽ അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ സെയ്‌ഫുൾ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു. ഇസ്‌കോണുമായി ബന്ധപ്പെട്ട 17 വ്യക്തികളുടെ ബാങ്ക്‌ അക്കൗണ്ടുകൾ 30 ദിവസത്തേക്ക് മരവിപ്പിക്കാൻ വെള്ളിയാഴ്‌ച ഉത്തരവിട്ടിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home